പെരുംനുണകളുടെ ഹിമാലയത്തിൽ കയറി നിന്നാണ് അമിത് ഷാ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചത്: രമേശ് ചെന്നിത്തല

പെരുംനുണകളുടെ ഹിമാലയത്തിൽ കയറി നിന്നാണ് അമിത് ഷാ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചത്: രമേശ് ചെന്നിത്തല

പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്ത് ഭീതി വിതക്കാനുള്ള കേന്ദ്രസർക്കാർ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന ഭരണ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് പടരുന്ന ഭയത്തിന് എതിരായ കൂട്ടായ്മയാണ് കേരളത്തിലെ സംയുക്ത പ്രതിഷേധം. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ പോലും തകർക്കുന്നതാണ് പൗരത്വ നിയമം. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇന്ത്യയെ വിഭജിക്കുന്ന നിയമം നടപ്പാക്കുകയെന്ന സംഘപരിവാർ അജണ്ടയാണ് മോദിയും അമിത് ഷായും ചേർന്ന് നടപ്പാക്കുന്നത്.

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ചോദ്യം ചെയ്തതു കൊണ്ടാണ് സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. പെരുംനുണകളുടെ ഹിമാലയത്തിൽ കയറി നിന്നാണ് ഇന്ത്യയുടെ മതേതരത്വത്തെ തകർക്കുന്ന ബില്ല് അമിത് ഷാ അവതരിപ്പിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. സർക്കാരിന്റെ ബാധ്യത ഭരണഘടനയോടാണ്. അല്ലാതെ ആർ എസ് എസിന്റെ അജണ്ടയോടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാതിയും ഭേദവും മതവിദ്വേഷവും ഒരു ഘട്ടത്തിലും കേരളത്തെ ബാധിച്ചിട്ടില്ല. മതനിരപേക്ഷതക്ക് വേണ്ടി കേരളത്തിൽ നിന്നുയരുന്നത് ഒരേ സ്വരമാണ്

ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നത്. ഒരു കാരണവശാലും അതിനെ അംഗീകരിക്കാനാകില്ല. സംഘപരിവാറിന്റെ ഫാസിസ്റ്റ് അജണ്ടയെ കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

 

Share this story