ഹർത്താലിന്റെ മറവിൽ പരക്കെ അക്രമവുമായി സാമൂഹ്യവിരുദ്ധർ; 300ഓളം പേർ കസ്റ്റഡിയിൽ

ഹർത്താലിന്റെ മറവിൽ പരക്കെ അക്രമവുമായി സാമൂഹ്യവിരുദ്ധർ; 300ഓളം പേർ കസ്റ്റഡിയിൽ

പൗരത്വ നിയമഭേദഗതിക്കെതിരെ ഒരു വിഭാഗം സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ പരക്കെ അക്രമം. കേന്ദ്രസർക്കാർ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നുവെന്ന വ്യാജ്യേന സർക്കാർ ബസുകളടക്കമുള്ള നിരവധി പൊതുമുതലാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. സംസ്ഥാനത്താകെ 300ഓളം ഹർത്താൽ അനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം ജില്ലയിൽ മലപ്പുറം, മഞ്ചേരി, തിരൂർ ഭാഗങ്ങളിൽ കെ എസ് ആർ ടി സി അടക്കമുള്ള ബസുകൾ തടഞ്ഞു. തുറന്ന കടകൾ ഹർത്താൽ ക്രിമിനലുകൾ അടപ്പിച്ചു. ജില്ലയിൽ ജനജീവിതത്തെ ഹർത്താൽ സാരമായി ബാധിച്ചു. കണ്ണൂരിൽ സ്ത്രീകളടക്കമുള്ളവർ പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്നതിനായി റോഡുകൾ ഉപരോധിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. കണ്ണൂരിൽ 30 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

വെൽഫെയർ, എസ് ഡി പി ഐ, മൈനോറിറ്റി വാച്ച് തുടങ്ങിയ മതതീവ്ര സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്ന് ഹർത്താൽ നടത്തിയിരിക്കുന്നത്. അതേസമയം കേരളത്തിലെ മുസ്ലീം വിഭാഗത്തിലെ പ്രബലരായ സുന്നി വിഭാഗം ഹർത്താലിനെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നിരുന്നു.

കൊല്ലം, കരുനാഗപ്പള്ളി, വയനാട്, ആലുവ, കണ്ണൂർ, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കാസർകോട് തൃക്കരിപ്പൂരിൽ ബിജെപി ഓഫീസിന് നേർക്ക് ആക്രമണം നടന്നു.

 

Share this story