ഇരുട്ടത്ത് വാഹന പരിശോധന ചോദ്യം ചെയ്തയാളുടെ പല്ല് അടിച്ചു കൊഴിച്ചു; കണ്ണിനും കഴുത്തിനും പരുക്കേൽപ്പിച്ചും പോലീസ് അതിക്രമം

ഇരുട്ടത്ത് വാഹന പരിശോധന ചോദ്യം ചെയ്തയാളുടെ പല്ല് അടിച്ചു കൊഴിച്ചു; കണ്ണിനും കഴുത്തിനും പരുക്കേൽപ്പിച്ചും പോലീസ് അതിക്രമം

ആലപ്പുഴയിൽ വാഹനപരിശോധനക്കിടെ പോലീസ് അതിക്രമം. രാത്രിയിൽ ഇരുട്ടത്തുള്ള വാഹനപരിശോധന ചോദ്യം ചെയ്തയാളുടെ പല്ല് പോലീസ് ഉദ്യോഗസ്ഥർ അടിച്ചു കൊഴിച്ചു. തിരുവനന്തപുരം പി എസ് സി ഓഫീസിലെ ഉദ്യോഗസ്ഥനായ ചേർത്തല സ്വദേശി ഇല്ലിക്കൽ രമേഷ് എസ് കമ്മത്തിനാണ് പോലീസിന്റെ മർദനമേറ്റത്.

പതിനാലായം തീയതി എറണാകുളത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ആക്രമണത്തിൽ പല്ല് പൊഴിയുകയും കണ്ണിനും കഴുത്തിനും ജനനേന്ദ്രിയത്തിനും പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇവിടെ നിന്ന് വന്ന ശേഷമാണ് രമേഷ് പരാതി നൽകിയത്.

റോഡിലെ വളവിൽ ഇരുട്ടിൽ നിന്നാണ് പോലീസ് ബൈക്ക് തടഞ്ഞത്. മദ്യപിച്ചോ എന്ന് പരിശോധിക്കുകയും ചെയ്തു. മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു. എന്നാൽ ബൈക്ക് ഒതുക്കി നിർത്തിയ ശേഷം ഇരുട്ടത്തുള്ള വാഹന പരിശോധന പാടില്ലെന്ന് രമേഷ് പോലീസിനോട് പറഞ്ഞു. ഇതിന്റെ ചിത്രവും എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് മർദിച്ചത്.

രമേഷിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയും മർദിച്ചു. മെഡിക്കൽ പരിശോധനയിൽ മർദിച്ചെന്ന് പറയരുതെന്ന് ഭീഷണിപ്പെടുത്തി. ജോലിക്ക് തടസ്സം നിന്നുവെന്ന കുറ്റം ചുമത്തി കേസെടുക്കുകയും ജാമ്യത്തിൽ വിട്ടയക്കുകയുമായിരുന്നു. പി എസ് സി ചെയർമാൻ എം കെ സക്കീറിന്റെ ഇടപെടലിലാണ് രമേഷ് ഡി ജി പിക്ക് പരാതി നൽകിയത്. സംഭവത്തിൽ പോലീസ് ഡ്രൈവർ സുധീഷിനെ സസ്‌പെൻഡ് ചെയ്തായി ജില്ലാ പോലീസ് മേധാവി കെ എം ടോമി അറിയിച്ചു.

Share this story