ഭയപ്പെടുത്തി ജനരോഷം ഇല്ലാതാക്കാമെന്നത് മൗഢ്യമാണ്; അറസ്റ്റും അടിച്ചമർത്തലും കൊണ്ട് ഒരു ജനകീയ പ്രക്ഷോഭവും തോറ്റുപോയ ചരിത്രമില്ല: പിണറായി

ഭയപ്പെടുത്തി ജനരോഷം ഇല്ലാതാക്കാമെന്നത് മൗഢ്യമാണ്; അറസ്റ്റും അടിച്ചമർത്തലും കൊണ്ട് ഒരു ജനകീയ പ്രക്ഷോഭവും തോറ്റുപോയ ചരിത്രമില്ല: പിണറായി

സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനങ്ങളെയും നേതാക്കളെയും തടങ്കലിലിട്ടും ജനാധിപത്യ പ്രതിഷേധം ഇല്ലാതാക്കാമെന്ന് കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരോധനാജ്ഞയും അറസ്റ്റും അടിച്ചമർത്തുമൊക്കെ കൊണ്ട് ഒരു ജനകീയ പ്രക്ഷോഭവും തോറ്റുപോയ ചരിത്രമില്ലെന്നും അദ്ദേഹം പറഞ്ഞു

ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നയിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു പിണറായി. അടിയന്തരാവസ്ഥക്കാലത്ത് പോലും ഇല്ലാതിരുന്ന അമിതാധികാര പ്രവണതയാണ് എൻ ഡി എ സർക്കാർ കാണിക്കുന്നതെന്നും പിണറായി പറഞ്ഞു

ഇടതുപാർട്ടികളും വിദ്യാർഥികളും ഡൽഹിയിൽ നടത്താനിരുന്ന മാർച്ചിന് അനുമതി നിഷേധിച്ചത് ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. ഇപ്പോൾ ഇടതുപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നു. രാജ്യതലസ്ഥാനത്ത് ഇന്റർ നെറ്റും മൊബൈൽ ഫോൺ സേവനങ്ങൾക്കും നിരോധനമേർപ്പെടുത്തിയിരിക്കുന്നു. സമരം ചെയ്യുന്നവരെയൊക്കെ അറസ്റ്റ് ചെയ്തിരിക്കുന്നു

രാജ്യത്തെ സുപ്രധാന സർവകലാശാലകളെയും വിദ്യാർഥികളെയും ആക്രമിക്കുന്നത് അവസാനിപ്പിക്കണം. ഭരണഘടനാ മൂല്യങ്ങളെ ചവിട്ടിത്തേച്ച് മുന്നോട്ടുപോകാൻ കേന്ദ്ര സർക്കാർ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു

 

Share this story