കസ്റ്റഡിയിലായ മലയാളി മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി

കസ്റ്റഡിയിലായ മലയാളി മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി

മംഗലാപുരത്ത് മലയാളി മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കർണാടകയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചുവരികയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കർണാടക ഡിജിപിയോട് സ്ഥിതി ചർച്ച ചെയ്യും. മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുമെന്നും ഡിജിപി അറിയിച്ചു.

പത്തോളം മാധ്യമപ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മാതൃഭൂമി, മീഡിയ വൺ, ഏഷ്യാനെറ്റ്, 24 ചാനലുകളുടെ വാർത്താ സംഘത്തെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ ക്യാമറകൾ അടക്കമുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു

സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തത്. എത്രയും വേഗം മംഗലാപുരത്ത് നിന്നും പുറത്തുപോകണമെന്ന് ഇവർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ റിപ്പോർട്ടിംഗ് തുടർന്നതോടെയാണ് ഇവരെ പുറത്താക്കിയത്.

മംഗലാപുരത്ത് ഇന്നലെ പോലീസ് വെടിവെച്ചു കൊന്നവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന വെൻലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോർട്ട് ചെയ്യുകയായിരുന്ന മാധ്യമ പ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കർണാടക സർക്കാരിന്റെ അക്രിഡിറ്റേഷൻ മാത്രമുള്ളവർ റിപ്പോർട്ട് ചെയ്താൽ മതിയെന്നായിരുന്നു പോലീസ് നിർദേശം

Share this story