പൗരത്വ നിയമ ഭേദഗതിയെ തള്ളിപ്പറഞ്ഞതുപോലെ യു എ പി എയും വേണ്ടെന്ന് വെക്കണം; മുഖ്യമന്ത്രിയോട് കാനം

പൗരത്വ നിയമ ഭേദഗതിയെ തള്ളിപ്പറഞ്ഞതുപോലെ യു എ പി എയും വേണ്ടെന്ന് വെക്കണം; മുഖ്യമന്ത്രിയോട് കാനം

യു എ പി എ സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൗരത്വ ഭേദഗതിയിൽ ഇല്ലാത്ത ഭരണഘടനാ ബാധ്യത എന്തിനാണെന്നും കാനം ചോദിച്ചു. യു എ പി എ നടപ്പാക്കില്ലെന്ന് പറയാൻ മുഖ്യമന്ത്രി രാഷ്ട്രീയ ആർജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു

പൗരത്വ ഭേദഗതി നിയമം പാർലമെന്റ് പാസാക്കിയതാണ്. സാങ്കേതികമായി പറഞ്ഞാൽ പാർലമെന്റ് പാസാക്കിയ നിയമത്തെ ലംഘിക്കുകയല്ലേ കേരളാ മുഖ്യമന്ത്രി ചെയ്യുന്നത്. പക്ഷേ അതൊരു രാഷ്ട്രീയ നിശ്ചയദാർഢ്യമാണ്. അത് യുഎപിഎ നടപ്പാക്കുമ്പോഴും ഇടതുപക്ഷത്തിന് ഉണ്ടാകണം.

യുഎപിഎ കാര്യത്തിൽ കേരളത്തിൽ മാത്രമായി ഇടതുപാർട്ടികളുടെ നിലപാടിൽ മാറ്റം വരുത്തേണ്ട കാര്യമില്ല. സിപിഎം, സിപിഐ പാർട്ടി കോൺഗ്രസുകൾ അംഗീകരിച്ച കാര്യമാണത്. ഏത് സാഹചര്യത്തിലാണ് കേരളത്തിലിത് മാറുന്നതെന്ന് അറിയില്ല.

പന്തീരങ്കാവ് കേസിൽ അവരുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മാത്രമേ പിടിച്ചെടുത്തിട്ടുള്ളു. ഒന്നോ രണ്ടോ പുസ്തകങ്ങൾ പിടിച്ചാൽ കുറ്റക്കാരാകില്ല. കേരളാ പോലീസ് പറഞ്ഞാൽ ആരും മാവോയിസ്റ്റാകില്ല. കേസിന്റെ എഫ് ഐ ആർ ഞാനും പരിശോധിച്ചതാണ്. തെളിവുകളില്ലാത്ത കേസാണിതെന്നും കാനം പറഞ്ഞു

പന്തീരങ്കാവിൽ യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അലൻ ഷുഹൈബ്, താഹ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്നും സജീവ പ്രവർത്തകരാണെന്നുമുള്ള പോലീസ് വാദത്തെ മുഖ്യമന്ത്രിയും നേരത്തെ അംഗീകരിച്ചിരുന്നു.

Share this story