ഞാൻ പറയുന്നതാണ് പാർട്ടി നിലപാട്; ഒരു മാറ്റവുമില്ലാത്ത മുല്ലപ്പള്ളി

ഞാൻ പറയുന്നതാണ് പാർട്ടി നിലപാട്; ഒരു മാറ്റവുമില്ലാത്ത മുല്ലപ്പള്ളി

പൗരത്വ നിയമഭേദഗതിക്കെതിരെ സിപിഎമ്മുമായി യോജിത്ത് സമരത്തിനില്ലെന്ന് ആവർത്തിച്ച് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. താൻ പറയുന്നതാണ് പാർട്ടി നിലപാട്. നിലപാട് മാറ്റണമെങ്കിൽ പാർട്ടി യോഗം വിളിച്ച് തീരുമാനിക്കണം. സിപിഎമ്മുമായി യോജിച്ച് സമരത്തിനില്ലെന്ന് മുല്ലപ്പള്ളി ആവർത്തിച്ചു

ഡിസംബർ 19ന് പൗരത്വ നിയമഭേദഗതിക്കെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ യുഡിഎഫ്-എൽ ഡി എഫ് സംയുക്ത പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് സമരത്തിന് നേതൃത്വം നൽകിയത്. മതസാമുദായിക നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. ദേശീയ തലത്തിൽ തന്നെ സമരം ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെയാണ് ഐക്യത്തിൽ വിള്ളൽ വീഴ്ത്തുന്ന പ്രസ്താവനയുമായി മുല്ലപ്പള്ളി ആദ്യം രംഗത്തുവന്നത്.

രാജ്യമാകെ പ്രക്ഷോഭം കത്തുമ്പോഴും ഒന്നിച്ച് നിൽക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ ഓർമിപ്പിക്കുമ്പോഴും സിപിഎമ്മിനെതിരെ രാഷ്ട്രീയ വിമർശനം ഉന്നയിച്ചായിരുന്നു മുല്ലപ്പള്ളി രംഗത്തുവന്നത്. എന്നാൽ മുല്ലപ്പള്ളിക്കെതിരെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി ഡി സതീശൻ തുടങ്ങിയ നേതാക്കളും രംഗത്തുവന്നു. ചിലർക്ക് കാര്യങ്ങൾ അറിയാത്തതു കൊണ്ടുള്ള പ്രശ്‌നമെന്നായിരുന്നു വി ഡി സതീശന്റെ ആരോപണം. മുല്ലപ്പള്ളിയുടേത് സങ്കുചിത നിലപാടാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയും വിമർശിച്ചു.

മുല്ലപ്പള്ളിയെ തള്ളി മുസ്ലീം ലീഗും രംഗത്തുവന്നിരുന്നു. ഇതോടെ പാർട്ടിക്കുള്ളിൽ മുല്ലപ്പള്ളി ഒറ്റപ്പെടുന്ന സ്ഥിതി രൂപപ്പെട്ടു. ഇതിനിടെയാണ് താനാണ് പാർട്ടി നിലപാട് വ്യക്തമാക്കേണ്ടതെന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

Share this story