സംഘ്പരിവാറിന്റെ ശബരിമല കലാപം: പോലീസ് കൂട്ടത്തോടെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന് ശബരിമല കർമസമിതി

സംഘ്പരിവാറിന്റെ ശബരിമല കലാപം: പോലീസ് കൂട്ടത്തോടെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന് ശബരിമല കർമസമിതി

ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് സംഘ്പരിവാർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ കലാപവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ കൂട്ടത്തോടെ പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടി പിൻവലിക്കണമെന്ന് ആർ എസ് എസിന്റെ ശബരിമല കർമസമിതി. 2019 ജനുവരി 3ന് സംഘ്പരിവാർ ആഹ്വാനം ചെയ്ത ഹർത്താലിൽ പ്രവർത്തകരുടെ അഴിഞ്ഞാട്ടത്തെ തുടർന്ന് നിരവധി പൊതുമുതലുകൾ നശിപ്പിക്കപ്പെട്ടിരുന്നു.

ശബരിമല കർമസമിതി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നിരവധി കേസുകളുണ്ട്. ശബരിമല വിഷയത്തിൽ സർക്കാർ പോലും നിലപാട് മാറ്റിയ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് കർമസമിതി നേതാക്കൾ കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഹർത്താലിനിടെയുണ്ടായ നാശനഷ്ടങ്ങളുടെ ചെലവ് കർമസമിതി നേതാക്കളിൽ നിന്നും ഈടാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത് സംഘ്പരിവാറിന് ഇരട്ട തിരിച്ചടിയായിരുന്നു. 2019 ജനുവരി 3ന് നടത്തിയ ഹർത്താലിലും അതിന് തൊട്ടുമുമ്പുള്ള ദിവസം ഉണ്ടായ അക്രമ സംഭവങ്ങളിലെ നാശനഷ്ടങ്ങളുടെ ചെലവും നേതാക്കളിൽ നിന്ന് ഈടാക്കാനായിരുന്നു ഹൈക്കോടതി വിധി.

ഹർത്താലിൽ സംസ്ഥാനത്താകെ 990 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകിയത്. വിവിധ കേസുകളിലായി 32,270 പേരെ പ്രതികളാക്കി. വിവിധ സ്ഥലങ്ങളിലുണ്ടായ അക്രമങ്ങളിൽ 150 പോലീസുകാർക്കും 141 സാധാരണക്കാർക്കും 11 സർക്കാർ ഉദ്യോഗസ്ഥർക്കും പരുക്ക് പറ്റിയിരുന്നു. 38.52 ലക്ഷം രൂപയുടെ പൊതുമുതലും 6.45 ലക്ഷം രൂപയുടെ സ്വകാര്യ മുതലും നശിച്ചു. മൂന്ന് കോടിയിലേറെ രൂപയുടെ നഷ്ടം കെ എസ് ആർ ടി സിക്ക് മാത്രമുണ്ടായെന്നും സർക്കാർ റിപ്പോർട്ടിൽ പറഞ്ഞു.

Share this story