യുവതിയെയും കുഞ്ഞിനെയും കാറു കൊണ്ട് ഇടിച്ചിട്ടു; ആശുപത്രിയിലേക്ക് പോകും വഴി ഇറക്കിവിട്ടു; പ്രവാസിക്കെതിരെ കേസ്

യുവതിയെയും കുഞ്ഞിനെയും കാറു കൊണ്ട് ഇടിച്ചിട്ടു; ആശുപത്രിയിലേക്ക് പോകും വഴി ഇറക്കിവിട്ടു; പ്രവാസിക്കെതിരെ കേസ്

തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവാസിയുടെ കാറിടിച്ച് യുവതിക്കും കുഞ്ഞിനും സാരമായ പരുക്ക്. ഓടിക്കൂടിയ നാട്ടുകാർ പരുക്കേറ്റവരെ പ്രവാസിയുടെ കാറിൽ തന്നെ കയറ്റി ആശുപത്രിയിലേക്ക് വിട്ടെങ്കിലും ഇയാൾ ഇവരെ വഴിയിൽ ഇറക്കി വിട്ടു. പോലീസിൽ പരാതി നൽകിയിട്ടും ഒന്നും ചെയ്തില്ലെന്ന് യുവതി ആരോപിക്കുന്നു.

പ്രവാസി സജി മാത്യുവിന്റെ കാറാണ് യുവതിയെയും കുട്ടിയെയും ഇടിച്ചിട്ടത്. കൊട്ടരാക്കര സദാനന്ദപുരം സ്വദേശിയാണ് ഇയാൾ. അപകടത്തിൽ കുട്ടിയുടെ മുഖമാകെ ഉരഞ്ഞ് പൊട്ടിയ നിലയിലാണ്. യുവതിയുടെ കാലിനാണ് സാരമായി പരുക്കേറ്റിരിക്കുന്നത്.

സംഭവം വിവാദമായപ്പോൾ കഴക്കൂട്ടം പോലീസ് സജി മാത്യുവിന്റെ മൊഴിയെടുക്കുകയായിരുന്നു. സ്വകാര്യ ആവശ്യത്തിന് തിരുവനന്തപുരത്ത് എത്തിയെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ മാസം 28നാണ് സംഭവം നടന്നത്.

ശ്രീകാര്യത്ത് റോഡരികിൽ നിൽക്കുകയായിരുന്ന യുവതിയെയും കുട്ടിയെയും സജി മാത്യുവിന്റെ കാർ ഇടിച്ചിടുകയായിരുന്നു. നിലത്ത് വീണ കുട്ടിയുടെ മുഖം ഉരഞ്ഞു പൊട്ടുകയും ചെയ്തു. അപകടസമയത്ത് ഇതുവഴിയെത്തി ബൈക്ക് യാത്രികരാണ് കുട്ടിയെയും അമ്മയെയും കാറിലേക്ക് കയറ്റി ആശുപത്രിയിലേക്ക് എത്തിക്കാൻ സജി മാത്യുവിനോട് പറഞ്ഞത്. എന്നാൽ വഴിയിൽ വെച്ച് ഇയാൾ യുവതിയെയും കുട്ടിയെയും ഇറക്കിവിടുകയായിരുന്നു

തുടർന്ന് ഓട്ടോറിക്ഷയിലാണ് യുവതിയും കുഞ്ഞും ആശുപത്രിയിലെത്തിയത്. ആരാണ് കാറിടിച്ചതെന്നതടക്കമുള്ള വിവരങ്ങൾ യുവതിക്കറിയില്ലായിരുന്നു. എന്നാൽ കാർ നമ്പർ കുറിച്ചുവെച്ചിരുന്നു. ഇതുമായി ഭർത്താവുമൊന്നിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ പോലീസ് അന്വേഷണത്തിന് പോലും തയ്യാറായില്ല. തുടർന്ന് കുട്ടിയുടെ പിതാവ് ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്യുകായയിരുന്നു. ഇത് വൈറലായതോടെയാണ് പോലീസ് കേസെടുത്തതും അന്വേഷണത്തിന് തയ്യാറായതും.

Share this story