ആരോഗ്യവകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ; 430 ഡോക്ടർമാരെ അടക്കം 480 ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവ്

ആരോഗ്യവകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ; 430 ഡോക്ടർമാരെ അടക്കം 480 ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവ്

ആരോഗ്യ വകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ. 430 ഡോക്ടർമാരുൾപ്പെടെ 480 ജീവനക്കാരെ പിരിച്ചുവിടാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിനെ തുടർന്നാണ് നടപടി.

അവധിയിൽ പോയി സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലി ചെയ്യുന്നവർക്കെതിരെയാണ് സർക്കാർ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. തിരികെ ജോലിയിൽ പ്രവേശിക്കാൻ രണ്ട് തവണ ഇവരോട് കർശന നിർദേശം നൽകിയിരുന്നുവെങ്കിലും ഇത് അനുസരിച്ചിരുന്നില്ല. തുടർന്നാണ് ശക്തമായ നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ നിർദേശം നൽകിയത്.

സർക്കാർ നിർദേശം അവഗണിച്ചും തിരികെ ജോലിയിൽ പ്രവേശിക്കാനോ കൃത്യമായ കാരണം കാണിക്കൽ നൽകാത്തവരെയുമാണ് പിരിച്ചുവിടുന്നത്. പ്രൊബേഷൻ പൂർത്തിയായ 53 ഡോക്ടർമാരും പ്രോബേഷനർമാരായ 377 ഡോക്ടർമാരും ഉൾപ്പെടെയുള്ളവരാണ് നടപടി നേരിടുന്ന 430 പേർ.

ഡോക്ടർമാരെ കൂടാതെ ആറ് ഹെൽത്ത് ഇൻസ്‌പെക്ടർമാർ, നാല് ഫാർമിസ്റ്റുകൾ, ഒരു ഫൈലേറിയ ഇൻസ്‌പെക്ടർ, 20 സ്റ്റാഫ് നഴ്‌സുമാർ, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ്, മൂന്ന് ദന്തൽ ഹൈനീജിസ്റ്റുമാർ, രണ്ട് ലാബ് ടെക്‌നീഷ്യൻമാർ തുടങ്ങിയവരെയാണ് പിരിച്ചുവിടൽ പട്ടികയിലുള്ളത്.

 

Share this story