അമിത് ഷാ ഉടനൊന്നും കേരളത്തിലേക്കില്ലെന്ന് വി മുരളീധരൻ; പ്രതിഷേധം ഭയന്നെന്ന് സോഷ്യൽ മീഡിയ

അമിത് ഷാ ഉടനൊന്നും കേരളത്തിലേക്കില്ലെന്ന് വി മുരളീധരൻ; പ്രതിഷേധം ഭയന്നെന്ന് സോഷ്യൽ മീഡിയ

പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് അമിത് ഷാ കേരളത്തിൽ പ്രചാരണം നടത്തുമെന്ന വാർത്ത തെറ്റെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ മാധ്യമങ്ങൾ ഇത്തരത്തിൽ വാർത്ത നൽകിയത് അപഹാസ്യമാണ്. കാള പെറ്റുവെന്ന് കേട്ടപ്പോൾ കയറെടുക്കുന്ന തരത്തിലാണ് മാധ്യമങ്ങൾ പെരുമാറുന്നതെന്നും മുരളീധരൻ പറഞ്ഞു

തീരുമാനിക്കാത്ത സന്ദർശനത്തിന്റെ പേരിൽ ചിലർ സമരം വരെ പ്രഖ്യാപിച്ചില്ലേയെന്നും മുരളീധരൻ ചോദിച്ചു. ജനാധിപത്യത്തിൽ സംഖ്യാബലം തന്നെയാണ് പ്രധാനം. നിയമം ഭരണഘടനാ വിരുദ്ധമാണോയെന്ന് കോടതി തീരുമാനമെടുക്കട്ടെ. രാജ്യത്ത് എൻ ആർ സി നടപ്പാക്കാൻ ആരും തീരുമാനിച്ചിട്ടില്ല. നുണകളുടെ ഘോഷയാത്രയാണ് നാട്ടിൽ നടത്തുന്നത്.

കേരളാ നിയമസഭ നിയമത്തിനെതിരെ പാസാക്കിയ പ്രമേയത്തോട് ഗവർണർ നടത്തിയ പ്രതികരണം അഭിനന്ദനാർഹമായിരുന്നുവെന്നും വി മുരളീധരൻ പറഞ്ഞു. എന്നാൽ പ്രതിഷേധം ഭയന്നാണ് അമിത് ഷാ കേരളത്തിൽ എത്താത്തതെന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്നു. നേരത്തെ ഡൽഹിയിൽ ഗൃഹസന്ദർശനത്തിനെത്തിയ അമിത് ഷാക്ക് നേരെ മലയാളി കൂടിയായ അഭിഭാഷക ഗോ ബാക്ക് വിളികൾ ഉയർത്തിയിരുന്നു.

 

Share this story