ഐക്യത്തിന് വിലങ്ങുതടിയായ മുല്ലപ്പള്ളി: നിയമസഭാ പ്രമേയം വെറും സന്ദേശം മാത്രമെന്ന പരാമർശത്തിൽ കോൺഗ്രസിനുള്ളിലും വിമർശനം രൂക്ഷം

ഐക്യത്തിന് വിലങ്ങുതടിയായ മുല്ലപ്പള്ളി: നിയമസഭാ പ്രമേയം വെറും സന്ദേശം മാത്രമെന്ന പരാമർശത്തിൽ കോൺഗ്രസിനുള്ളിലും വിമർശനം രൂക്ഷം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികൾ യോജിച്ച് സമരം ചെയ്തത് ദേശീയ തലത്തിൽ തന്നെ വലിയ രാഷ്ട്രീയ സന്ദേശം നൽകാൻ കാരണമായിരുന്നു. ദേശീയ മാധ്യമങ്ങളടക്കം പ്രാധാന്യത്തോടെ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ ഇതിഷ്ടപ്പെടാത്ത ഒരാളായിരുന്നു കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനം ഒറ്റക്കെട്ടായി പോകുമ്പോഴും രാഷ്ട്രീയം പറഞ്ഞും സിപിഎമ്മിനെ കുറ്റപ്പെടുത്തിയുമായിരുന്നു രാമചന്ദ്രൻ അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നത്.

ഏറ്റവുമൊടുവിൽ നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തിനെതിരെയും രാമചന്ദ്രൻ രംഗത്തുവന്നു. പ്രമേയം വെറും സന്ദേശം മാത്രമാണെന്നും പ്രഹസനമാണെന്നുമുള്ള പരാമർശങ്ങൾ ഇയാളിൽ നിന്നുണ്ടായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രമേയം പാസാക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചത്. പാർട്ടി അധ്യക്ഷ സ്ഥാനത്തിരിക്കുന്നയാൾ ഇതിനെ ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസിനുള്ളിൽ തന്നെ അമർഷം പുകയുകയാണ്

എ, ഐ ഗ്രൂപ്പുകൾ രാമചന്ദ്രന്റെ പിന്തിരിപ്പൻ വാദത്തിനെതിരെ രംഗത്തുവരുമ്പോൾ പ്രമേയത്തിന് ഒരു നിയമ സാധുതയുമില്ലെന്ന് സംഘ്പരിവാർ വാദം ആവർത്തിച്ച് രാമചന്ദ്രൻ ഇന്നും രംഗത്തുവന്നു. സംയുക്ത സമരത്തെ എതിർത്തതിന് പിന്നാലെയാണ് പ്രമേയത്തെയും രാമചന്ദ്രൻ എതിർക്കുന്നത്. മുമ്പ് ബിജെപി നേതാക്കളാണ് ഇവ രണ്ടിനെയും എതിർത്ത് രംഗത്തുവന്നത്.

സംയുക്ത സമരവും പ്രമേയവും പ്രതിപക്ഷ കക്ഷികളുടെ കൂടെ താത്പര്യം കണക്കിലെടുത്താണ് സർക്കാർ നടപ്പാക്കിയത്. എന്നാൽ പ്രതിപക്ഷത്തെ വെട്ടിലാക്കി തനിക്ക് ഐക്യം ഇഷ്ടമല്ലെന്ന് ആവർത്തിക്കുകയാണ് രാമചന്ദ്രൻ ചെയ്യുന്നത്. താൻ സിപിഎമ്മിനെ കടന്നാക്രമിക്കുമ്പോൾ പാർട്ടിയിൽ നിന്ന് പിന്തുണ കിട്ടുന്നില്ലെന്നാണ് രാമചന്ദ്രന്റെ പരാതി. അതേസമയം രാജ്യത്തെ വിഭജിക്കാനുള്ള സംഘ്പരിവാർ ശ്രമത്തിനിടെ ഒന്നിച്ച് നിൽക്കുമ്പോൾ രാഷ്ട്രീയ പ്രസ്താവന മാത്രം നടത്തുന്ന മുല്ലപ്പള്ളിക്ക് എന്ത് പിന്തുണ നൽകാനാണെന്ന ചോദ്യമാണ് കോൺഗ്രസിലെ വിവിധ നേതാക്കളും ഉന്നയിക്കുന്നത്.

 

Share this story