ജെയിൻ കോറൽകോവും മണ്ണടിഞ്ഞു, മൂന്നാം ദൗത്യവും വിജയകരം; ഇനി ബാക്കിയുള്ളത് ഗോൾഡൻ കായലോരം

ജെയിൻ കോറൽകോവും മണ്ണടിഞ്ഞു, മൂന്നാം ദൗത്യവും വിജയകരം; ഇനി ബാക്കിയുള്ളത് ഗോൾഡൻ കായലോരം

125 അപ്പാർട്ട്‌മെന്റുകളുള്ള കൂറ്റൻ പാർപ്പിട സമുച്ചയവും കൂടി നിലംപതിച്ചു. മരടിലെ മൂന്നാമത്തെ ഫ്‌ളാറ്റായ ജെയിൻ കോറൽകോവാണ് ഇന്ന് രാവിലെ 11.01ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തത്. നേരത്തെ തീരുമാനിച്ചതു പോലെ തന്നെയായിരുന്നു ഫ്‌ളാറ്റ് നിലം പൊത്തിയത്. ജെയിൻ കോറൽകോവ് ജനവാസ കേന്ദ്രത്തിലല്ല സ്ഥിതി ചെയ്തിരുന്നത് എന്നതുകൊണ്ട് തന്നെ പൊളിക്കൽ നടപടികൾക്ക് വലിയ വെല്ലുവിളികളൊന്നുമുണ്ടായിരുന്നില്ല

ആറ് സെക്കന്റിൽ താഴെ മാത്രം സമയമെടുത്താണ് 15 നിലകളുണ്ടായിരുന്ന കൂറ്റൻ കെട്ടിടം നിലം പൊത്തിയത്. സ്‌ഫോടനത്തിന് പിന്നാലെ കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞ് നിലം പതിക്കുകയായിരുന്നു. പിന്നാലെ അന്തരീക്ഷമാകെ പൊടിപടലം പടർന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ പൊടിപടലം ശമിക്കുകയും ഫ്‌ളാറ്റ് നിന്നിരുന്ന സ്ഥലത്ത് വെറും കോൺക്രീറ്റ് അവശിഷ്ടങ്ങൾ മാത്രമവുമായി മാറി

കെട്ടിടത്തിന്റെ ചില അവശിഷ്ടങ്ങൾ കായലിലേക്കും പതിച്ചിട്ടുണ്ട്. എന്നാൽ ആശങ്കപ്പെട്ടിരുന്നതുപോലെ വലിയ തോതിൽ കായലിലേക്ക് കെട്ടിടാവശിഷ്ടങ്ങൾ വീണിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. മരടിലെ മൂന്നാമത്തെ ഫ്‌ളാറ്റും വിജയകരമായി പൊളിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അധികൃതർ. ഇനി ഉച്ചയ്ക്ക് 2 മണിക്ക് നാലാമത്തെ ഫ്‌ളാറ്റായ ഗോൾഡൻ കായലോരം തകർക്കും

 

Share this story