മുഖ്യമന്ത്രിക്ക് കൈ കൊടുത്തും വേദി പങ്കിട്ടും ആലിക്കുട്ടി മുസ്ലിയാർ; ലീഗ് നിർദേശത്തെ തള്ളി സമസ്ത

മുഖ്യമന്ത്രിക്ക് കൈ കൊടുത്തും വേദി പങ്കിട്ടും ആലിക്കുട്ടി മുസ്ലിയാർ; ലീഗ് നിർദേശത്തെ തള്ളി സമസ്ത

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഭരണഘടന സംരക്ഷണ മഹാറാലിയിൽ പങ്കെടുത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ. റാലിയിൽ നിന്നും വിട്ടുനിൽക്കാനുള്ള മുസ്ലീം ലീഗ് നിർദേശത്തെ തള്ളിയാണ് കോഴിക്കോട് നടന്ന റാലിയിൽ ആലിക്കുട്ടി മുസ്ലിയാർ സമസ്തയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കാൻ നേതൃത്വം നൽകിയ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായി ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സിപിഎമ്മുമായി യോജിച്ചുള്ള സമരമില്ലെന്ന് യുഡിഎഫ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സമസ്ത പരിപാടിയിൽ പങ്കെടുത്താൽ അത് തിരിച്ചടിയാകുമെന്ന് കണ്ടാണ് മുസ്ലീം ലീഗ് സമസ്തയോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ നിർദേശം സമസ്ത തള്ളുകയായിരുന്നു

സമസ്തയുടെ നിരവധി പ്രവർത്തകരും മഹാറാലിയിൽ പങ്കെടുക്കാനായി കോഴിക്കോട്ട് എത്തിയിരുന്നു. ആർ എസ് എസിന്റെ ഉള്ളിലിരിപ്പ് നടപ്പാക്കാനല്ല കേരളത്തിലെ സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആർ എസ് എസ് ആഭ്യന്തര ശത്രുക്കളായാണ് കാണുന്നത്. ജനസംഖ്യ രജിസ്റ്റർ വലിയ ചതിക്കുഴിയാണ്. പൗരത്വ രജിസ്റ്ററിന് മുന്നോടിയായാണ് ജനസംഖ്യ രജിസ്റ്റർ തയ്യാറാക്കുന്നത്. ഇത് മുസ്ലീമിന്റെ മാത്രം പ്രശ്‌നമല്ലെന്നും മതനിരപേക്ഷതയുടെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു

Share this story