ബാങ്കുവിളി ഏകീകരിക്കണം, രാത്രികാലങ്ങളിൽ വലിയ ശബ്ദത്തിലുള്ള മതപ്രഭാഷണം ഒഴിവാക്കണം: ഹജ്ജ് കമ്മിറ്റി ചെയർമാൻ

ബാങ്കുവിളി ഏകീകരിക്കണം, രാത്രികാലങ്ങളിൽ വലിയ ശബ്ദത്തിലുള്ള മതപ്രഭാഷണം ഒഴിവാക്കണം: ഹജ്ജ് കമ്മിറ്റി ചെയർമാൻ

മുസ്ലീം പള്ളികളിലെ ബാങ്കുവിളി ഏകീകരിക്കണമെന്ന നിർദേശവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി. ഒന്നിൽ കൂടുതൽ പള്ളികളുള്ള സ്ഥലങ്ങളിൽ ഒരു പള്ളിയിൽ നിന്നു മാത്രം ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് മതിയെന്ന് തീരുമാനിക്കണം. രാത്രിയിൽ വലിയ ശബ്ദത്തിലുള്ള മതപ്രഭാഷണങ്ങൾ ഒഴിവാക്കണമെന്നും സി മുഹമ്മദ് ഫൈസി പറഞ്ഞു. ന്യൂസ് 18 കേരളക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

നിസ്‌കാരത്തിന് സമയമായെന്ന് അറിയിക്കാനുള്ളതാണ് ബാങ്ക്. കേരളത്തിൽ വിവിധ മുസ്ലീം സംഘടനകൾക്ക് വ്യത്യസ്ത പള്ളികളുണ്ട്. ഒരേ സ്ഥലത്തുള്ള ഒന്നിലധികം പള്ളികളിൽ നിന്നും പല സമയങ്ങളിലായി ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് പൊതു സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരം സ്ഥലങ്ങളിൽ ഒരു പള്ളിയിൽ നിന്ന് മാത്രമായി ഉച്ചഭാഷിണിയിലൂടെ ബാങ്ക് പരിമിതപ്പെടുത്തണം

ഏത് പള്ളിയിൽ നിന്ന് ഉച്ചഭാഷിണി ഉപയോഗിക്കണമെന്ന് തർക്കമുണ്ടെങ്കിൽ ആദ്യം നിർമിച്ച പള്ളിയിൽ നിന്നെന്ന് തീരുമാനമെടുക്കാം. രാത്രി കാലങ്ങളിലെ മതപ്രഭാഷണ സദസ്സുകളിൽ വലിയ ശബ്ദത്തിലുള്ള ഉച്ചഭാഷിണിയാണ് ഉപയോഗിക്കുന്നത്. ഇതും ഒഴിവാക്കേണ്ടതാണ്. 100 പേരുള്ള ഗ്രാമത്തിൽ ആയിരം പേർക്ക് കേൾക്കാൻ കഴിയുന്ന തരത്തിലുള്ള ഉച്ചഭാഷിണികളാണ് ഉപയോഗിക്കുന്നത്. മതേതര സമൂഹത്തിൽ ജീവിക്കുന്ന നമ്മൾ പൊതു സമൂഹത്തിന്റെ താത്പര്യങ്ങൾ കൂടി പരിഗണിക്കണമെന്നും സി മുഹമ്മദ് ഫൈസി പറഞ്ഞു.

 

Share this story