ആർ എസ് എസിന്റെ നിയമം കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പിണറായി; ന്യൂനപക്ഷങ്ങൾക്ക് ധൈര്യം പകർന്ന മുഖ്യമന്ത്രിയെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

ആർ എസ് എസിന്റെ നിയമം കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പിണറായി; ന്യൂനപക്ഷങ്ങൾക്ക് ധൈര്യം പകർന്ന മുഖ്യമന്ത്രിയെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യ രജിസ്റ്ററും കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ എസ് എസിന്റെ നിയമം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ

ഹിറ്റ്‌ലർ ജർമനിയിൽ ചെയ്യുന്നതാണ് ആർ എസ് എസ് ഇവിടെ ചെയ്യുന്നത്. മുത്തലാഖ് നിയമത്തിൽ മുസ്ലീമിന്റെ വിവാഹമോചന കാര്യം മാത്രം ക്രിമിനൽ നിയമത്തിൽപ്പെടുത്തി. മറ്റെല്ലാവരുടെയും വിവാഹ മോചനം സിവിൽ നിയമത്തിൽ ഉൾപ്പെടുത്തി. ദേശീയ ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും തമ്മിൽ അഭ്യേദ്യമായ ബന്ധമുണ്ട്. പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ മുന്നോടിയായുള്ളതാണ്.

ഇത് ആർ എസ് എസിന്റെ നിയമമാണ്. രാജ്യത്തിന്റെ നിയമമല്ല. ആർ എസ് എസിന്റെ നിയമം കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണർക്കെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനമുന്നയിച്ചു. സംസ്ഥാന സർക്കാരിന് മുകളിൽ റസിഡന്റ് ഇല്ലെന്ന് ഓർത്താൽ നന്ന് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ

ന്യൂനപക്ഷങ്ങൾക്ക് മുഖ്യമന്ത്രി ധൈര്യം പകർന്നുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഒരു കാലത്തും ഒരു ഭരണകൂടവും ചെയ്യാൻ പാടില്ലാത്തതാണ് കേന്ദ്രം ചെയ്തത്. ഭയമില്ലാതാക്കാനുള്ള പ്രസ്താവനകളും പ്രവർത്തനങ്ങളുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് സമസ്തയുടെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Share this story