തദ്ദേശ വാർഡ് വിഭജനം: ഓർഡിൻസിൽ ഒപ്പിടാൻ വീണ്ടും ഗവർണറെ സമീപിക്കും; മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും

തദ്ദേശ വാർഡ് വിഭജനം: ഓർഡിൻസിൽ ഒപ്പിടാൻ വീണ്ടും ഗവർണറെ സമീപിക്കും; മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിടാതിരുന്നതോടെ ചർച്ചക്കൊരുങ്ങി സർക്കാർ. മന്ത്രിമാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. വിഷയം നിയമവിദഗ്ധരുമായി ആലോചിക്കും. ഓർഡിനൻസിൽ ഒപ്പിടാൻ വീണ്ടും ഗവർണറെ സമീപിക്കാനും ആലോചിക്കുന്നുണ്ട്

2011 സെൻസസ് അനുസരിച്ച് വാർഡുകൾ പുതുക്കി വിഭജിക്കാനായിരുന്നു സർക്കാർ തീരുമാനം. ചുരുങ്ങിയത് ഒരു വാർഡെങ്കിലും ഓരോ തദ്ദേശ സ്ഥാപനങ്ങളിലും കൂടുന്ന രീതിയിലായിരുന്നു ഓർഡിൻസ്. രണ്ടാഴ്ച മുമ്പിറക്കിയ ഓർഡിൻസിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്.

2011ലെ സെൻസസ് അനുസരിച്ച് വാർഡുകൾ വിഭജിച്ചാൽ ഇനി നടക്കാൻ പോകുന്ന പുതിയ സെൻസസിൽ കെട്ടിടങ്ങളുടെ നമ്പർ ഉൾപ്പെടെ മാറുമെന്നതായിരുന്നു പ്രധാന പരാതി. എന്നാൽ ഈ ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് സർക്കാർ നൽകിയ വിശദീകരണം ഗവർണർ അംഗീകരിച്ചില്ല

അതേസമയം ഗവർണറും സർക്കാരും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നിയമമന്ത്രി എ കെ ബാലൻ പ്രതികരിച്ചു. പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാൻ സർക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു

 

Share this story