ഗവർണർ രാഷ്ട്രീയക്കാരന്റെ കുപ്പായം അഴിച്ചുവെക്കണം; ആരിഫ് മുഹമ്മദ് ഖാനെതിരെ ദേശാഭിമാനി

ഗവർണർ രാഷ്ട്രീയക്കാരന്റെ കുപ്പായം അഴിച്ചുവെക്കണം; ആരിഫ് മുഹമ്മദ് ഖാനെതിരെ ദേശാഭിമാനി

സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിച്ച് രംഗത്തുവരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം മുഖപത്രം ദേശാഭിമാനി. പദവിയുടെ വലുപ്പം തിരിച്ചറിയാത്ത രാഷ്ട്രീയ പ്രസ്താവനകളാണ് ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നത്.

എല്ലാ തീരുമാനങ്ങളും ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. രാഷ്ട്രീയക്കാരന്റെ കുപ്പായമഴിച്ചു വെച്ച് സ്വതന്ത്രമായ ഗവർണർ പദവിയിലേക്ക് അദ്ദേഹം മാറേണ്ടതുണ്ട്. ഗവർണർ സ്ഥാനവും തെരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ സംസ്ഥാനത്തിന്റെ തീരുമാനങ്ങളെല്ലാം എടുക്കേണ്ടത് താനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതായും മുഖപ്രസംഗത്തിൽ പറയന്നു.

പൗരത്വ നിയമത്തിനെതിരായ സമരങ്ങളിലെ കേരളത്തിന്റെ പങ്കാളിത്തമാണ് ആരിഫ് മുഹമ്മദ് ഖാനെ ക്ഷുഭിതനാക്കുന്നത്. ഗവർണർ വ്യക്തിപരമായി ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചല്ല പ്രവർത്തിക്കേണ്ടതെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഗവർണർക്കെതിരെ രംഗത്തുവന്നിരുന്നു.

Share this story