മുസ്ലിംകൾക്ക് മാത്രം പൗരത്വം നിഷേധിക്കപ്പെടുന്നതിന്റെ കാരണം പ്രധാനമന്ത്രി വ്യക്തമാക്കണം: കാന്തപുരം

മുസ്ലിംകൾക്ക് മാത്രം പൗരത്വം നിഷേധിക്കപ്പെടുന്നതിന്റെ കാരണം പ്രധാനമന്ത്രി വ്യക്തമാക്കണം: കാന്തപുരം

കോഴിക്കോട്: മുസ്ലിംകളെ രാജ്യത്തു നിന്ന് ആട്ടിയോടിക്കാൻ ആർക്കും സാധിക്കില്ലെന്നും എന്തുകൊണ്ടാണ് മുസ്ലിംകൾക്ക് മാത്രം പൗരത്വം നിഷേധിക്കപ്പെടുന്നത് എന്നതിന്റെ കാരണം പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. കോഴിക്കോട് നടന്ന യു.ഡി.എഫ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വത്തിനു നിയമം ആവശ്യമാണ്. എന്നാൽ മുസ്ലിം സമുദായത്തെ മാത്രം ഒഴിവാക്കാൻ എന്താണ് കാരണം. മുസ്ലിംകൾ രാജ്യത്തോട് എന്തെങ്കിലും അന്യായം ചെയ്തിട്ടുണ്ടോ? ഇന്ത്യയിലെ രണ്ടു പ്രധാനമന്ത്രിമാരെ കൊന്നതിന്റെ പ്രതിപ്പട്ടികയിൽ മുസ്ലിംകളില്ല. എന്തിനാണ് മതത്തിന്റെ പേരിൽ രാജ്യത്തെ ഭിന്നിക്കുന്നതെന്നും കാന്തപുരം ചോദിച്ചു.

എല്ലാ ജനങ്ങളും തോളോട് തോള് ചേർന്ന് പ്രവർത്തിക്കുന്നത് ഇന്ത്യയുടെ ഭരണഘടന നിലനിർത്താനാണ്. മുത്വലാഖ് ക്രിമിനൽ നിയമമാക്കി മാറ്റി. ഭർത്താവിന് മൂന്നു വർഷത്തെ ജയിൽ ശിക്ഷയും നൽകി. അവർക്ക് തുടർന്നും ഒരുമിച്ച് ജീവിക്കാനുള്ള നിയമവമുണ്ടാക്കി. ഇത്തരം നിയമ നിർമാണങ്ങൾ നടത്തുന്ന സർക്കാറാണ് രാജ്യം ഭരിക്കുന്നത്. കശ്മീർ വിഷയമുണ്ടായപ്പോഴും നാം വേണ്ട രീതിയിൽ ശബ്ദിച്ചില്ല. ഭിന്നിപ്പില്ലാതെ, രാഷ്ട്രീയ താത്പര്യങ്ങളൊന്നുമില്ലാതെ എല്ലാവരും ഒരുമിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

Share this story