വാർഡ് വിഭജനം സർക്കാർ പൂർത്തിയാക്കട്ടെ, തെരഞ്ഞെടുപ്പിന് കമ്മീഷൻ പൂർണ സജ്ജമെന്ന് വി ഭാസ്‌കരൻ

വാർഡ് വിഭജനം സർക്കാർ പൂർത്തിയാക്കട്ടെ, തെരഞ്ഞെടുപ്പിന് കമ്മീഷൻ പൂർണ സജ്ജമെന്ന് വി ഭാസ്‌കരൻ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് കമ്മീഷൻ പൂർണസജ്ജമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. വാർഡ് വിഭജനം എത്രയും വേഗം പൂർത്തിയാക്കുന്നതാണ് നല്ലത്. 10 ലക്ഷം വോട്ടർമാരാണ് പുതിയതായി വന്നിട്ടുള്ളത്. ഇതിൽ വാർഡ് വിഭജനത്തിന് 2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കുന്നതിൽ ആശങ്ക വേണ്ട

ഒരു വാർഡിൽ പരമാവധി 100 വോട്ടർമാരെ ചേർക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുസംബന്ധിച്ച് ആശങ്കകളൊന്നുമില്ല. വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ കമ്മീഷൻ ആരംഭിച്ചു. സർക്കാർ വാർഡ് വിഭജന തീരുമാനമെടുത്ത് ഉത്തരവിറക്കിയാൽ അഞ്ച് മാസം കൊണ്ട് വാർഡ് വിഭജനം പൂർത്തിയാക്കാനാകും.

പുതിയ വോട്ടർമാരെ ഈ മാസം 20 മുതൽ ചേർക്കാനാകും. 20ന് രാഷ്ട്രീയ പാർട്ടികൾക്ക് പേര് ചേർക്കാനുള്ള പകർപ്പ് നൽകും. ഫെബ്രുവരി 28ന് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. പേര് ചേർക്കാനായി ഉദ്യോഗസ്ഥർക്കുള്ള വെബ്‌സൈറ്റ് ഇന്ന് മുതൽ ഓപൺ ആകുമെന്നും വി ഭാസ്‌കരൻ അറിയിച്ചു.

അതേസമയം വാർഡ് വിഭജനത്തിനുള്ള കരട് ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിക്കുകയാണ്. ഡിസംബർ 26നാണ് കരട് ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി ഗവർണർക്ക് അയച്ചത്.

 

Share this story