ഗവർണർ പദവി ആവശ്യമില്ലാത്തത്; പൗരത്വ നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭം തുടരുമെന്നും യെച്ചൂരി

ഗവർണർ പദവി ആവശ്യമില്ലാത്തത്; പൗരത്വ നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭം തുടരുമെന്നും യെച്ചൂരി

പൗരത്വ നിയമഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭവുമായി മുന്നോട്ടു പോകാൻ സിപിഎം തീരുമാനം. നിയമഭേദഗതിക്കെതിരെ വീടുകയറി പ്രചാരണം നടത്താൻ സിപിഎം തീരുമാനിച്ചു. സാഹചര്യത്തിൽ അനുകൂലമായതിനാലാണ് യോജിച്ച പ്രക്ഷോഭത്തിന് ഒരുങ്ങുന്നതെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു

എൻ പി ആറുമായി ജനങ്ങൾ സഹകരിക്കരുതെന്ന് കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു. എൻ പി ആറും എൻ ആർ സിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ്. പൗരത്വ രജിസ്റ്ററിലെയും ജനസംഖ്യ രജിസ്റ്ററിലെയും പ്രശ്‌നങ്ങൾ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കും.

ഇപ്പോൾ പുറത്തുവരുന്നത് ഹിന്ദുത്വ ഫാസിസത്തിന്റെ മുസ്ലീം വിരുദ്ധതയാണ്. രാജ്യത്തുള്ള എല്ലാ തടങ്കൽ പാളയങ്ങളും അടച്ചുപൂട്ടണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. യുപിയിൽ പൊതുമുതൽ നശിപ്പിച്ചത് പോലീസാണ്. എന്നാൽ ഭീമമായ നഷ്ടപരിഹാരം ചുമത്തി നിരപരാധികളെ വേട്ടയാടുകയാണ്

ഗവർണർമാരുടെ പ്രസക്തിയെ കുറിച്ച് ആലോചിക്കേണ്ട സമയമായി. രാഷ്ട്രപതിയുടെ പ്രതിനിധിയാണ് ഗവർണർ. സംസ്ഥാനങ്ങൾക്ക് ഗവർണർ പദവി ആവശ്യമുണ്ടോയെന്ന് ചർച്ച ചെയ്ത് തീരുമാനിക്കണം. പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് ഗവർണർ ഭരണഘടന വായിക്കണമെന്നും യെച്ചൂരി പറഞ്ഞു.

 

Share this story