ഒരു ന്യായവും സ്വീകാര്യമല്ല; സർക്കാരിന്റെ വിശദീകരണം തള്ളി ഗവർണർ

ഒരു ന്യായവും സ്വീകാര്യമല്ല; സർക്കാരിന്റെ വിശദീകരണം തള്ളി ഗവർണർ

പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച നടപടിയിൽ സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു വിശദീകരണവും തൃപ്തികരമല്ലെന്ന് ഗവർണർ പറഞ്ഞു. ഒരു ന്യായീകരണവും സ്വീകാര്യമല്ല. സർക്കാരിന്റെ നിയമവിരുദ്ധ നടപടിയാണ് ചൂണ്ടിക്കാട്ടിയത്. ഇത് ഈഗോ ക്ലാഷല്ല. ഗവർണറെ അറിയിക്കാതെ സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാരിനാകില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു

ലക്‌നൗവിലേക്കുള്ള യാത്രക്ക് മുമ്പ് പതിവ് പോലെ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. ഇന്ന് ചീഫ് സെക്രട്ടറി ടോം ജോസാണ് രാജ്ഭവനിലെത്തി വാക്കാൽ വിശദീകരണം നൽകിയത്. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിൽ ഗവർണർ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായ ആശങ്ക ദുരീകരിക്കാനാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നായിരുന്നു ടോം ജോസ് നൽകിയ വിശദീകരണം. ഇതിന് പിന്നാലെയാണ് ഒരു ന്യായവും സ്വീകാര്യമല്ലെന്ന് മാധ്യമങ്ങളെ വിളിച്ച് ഗവർണർ പറയുന്നത്. സംസ്ഥാന ചരിത്രത്തിൽ തന്നെ ഒരു ഗവർണർ നിരന്തരം മാധ്യമങ്ങളുമായി സംവാദം നടത്തുന്നത് ഇതാദ്യമാണ്. ഗവർണറുടെത് രാഷ്ട്രീയ ഇടപെടലാണെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ തന്നെ ആരോപിക്കുന്നുമുണ്ട്

Share this story