ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കാന്തപുരം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കാന്തപുരം

കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ രംഗത്ത്. സർക്കാരിനെ ഗവർണർ വിമർശിക്കുന്നത് ശരിയല്ലെന്നും ജനങ്ങൾക്കു വേണ്ടിയാണ് സർക്കാർ കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി. പൗരത്വ നിയമത്തിനെതിരെ യോജിച്ച സമരം തന്നെയാണ് വേണ്ടതെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ച നടപടിക്കെതിരെ ഗവർണർ വിശദീകരണം ചോദിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ സ്യൂട്ട് ഹർജി സമർപ്പിച്ച സംഭവത്തിലാണ് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടത്. തുടർന്ന് ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിലെത്തി സർക്കാരിന്റെ ഭാഗം വിശദീകരിച്ചെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന് ഗവർണർ പറഞ്ഞു.

ഭരണഘടനാപരമായ അധികാരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരം അല്ലെന്നും സർക്കാരും നിയമസഭയും തയ്യാറാക്കിയ ചട്ടങ്ങൾ അവർത്തന്നെ ലംഘിക്കരുതെന്നും ഗവർണർ പറഞ്ഞു. ഭരണഘടന പ്രകാരമോ റൂൾസ് ഓഫ് ബിസിനസ് പ്രകാരമോ നിയമസഭാ ചട്ടം അനുസരിച്ചോ സുപ്രീംകോടതിയെ സമീപിക്കാൻ ഗവർണറുടെ അനുമതി ആവശ്യമില്ലെന്നാണ് സർക്കാരിന്റെ വാദം.

Share this story