എസ് ഐയായി തരം താഴ്ത്തിയാലും കുഴപ്പമില്ല; ഇത് തരംതിരിക്കലാണെന്നും ജേക്കബ് തോമസ്

എസ് ഐയായി തരം താഴ്ത്തിയാലും കുഴപ്പമില്ല; ഇത് തരംതിരിക്കലാണെന്നും ജേക്കബ് തോമസ്

എഡിജിപിയായി തരംതാഴ്ത്തുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസ്. തരംതാഴ്ത്തലുമായി ബന്ധപ്പെട്ട് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഇത് തരംതാഴ്ത്തലല്ല, തരംതിരിക്കലാണെന്നുമായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം

എസ് ഐയായി തരംതാഴ്ത്തിയാലും കുഴപ്പമില്ല. എസ് ഐയുടെ പോസ്റ്റ് വളരെ നല്ല പോസ്റ്റല്ലേയെന്നും ജേക്കബ് തോമസ് പരിഹസിച്ചു. സർക്കാർ ചില തീരുമാനമങ്ങൾ എടുക്കുന്നു. അത് നടപ്പാക്കുന്നു. നമ്മൾ പൗരൻമാർ എന്ത് ചെയ്യും. നടപടിയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ല

പോലീസ് വകുപ്പിൽ എസ് ഐയുടെ പോസ്റ്റ് വളരെ നല്ല പോസ്റ്റാണ്. അതിലേക്ക് എന്നെ പോസ്റ്റ് ചെയ്താലും എനിക്ക് വളരെ ഇഷ്ടമായിരിക്കും. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ അത്ര സുഖകരമായ അവസ്ഥയല്ലല്ലോയെന്നും ജേക്കബ് തോമസ് പറഞ്ഞു

ഡിജിപി റാങ്കിലുണ്ടായിരുന്ന ജേക്കബ് തോമസിനെ എ ഡി ജി പിയാക്കിയാണ് തരംതാഴ്ത്തുന്നത്. ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നിരന്തരം നടത്തുന്നുവെന്ന് ആരോപിച്ചാണ് നടപടി. മെയ് 31ന് സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് സർക്കാരിന്റെ നടപടി. സംസ്ഥാന സർക്കാർ നടപടി കേന്ദ്രസർക്കാർ അംഗീകരിച്ചാൽ എഡിജിപിയായിട്ടാകും ജേക്കബ് തോമസിന് വിരമിക്കേണ്ടി വരിക.

Share this story