മാർക്ക് കുറഞ്ഞതിന്റെ പേരിൽ സ്‌കൂളിൽ വെച്ച് മകന്റെ കരണത്തടിച്ച സംഭവം; അച്ഛനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മാർക്ക് കുറഞ്ഞതിന്റെ പേരിൽ സ്‌കൂളിൽ വെച്ച് മകന്റെ കരണത്തടിച്ച സംഭവം; അച്ഛനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മാർക്ക് കുറഞ്ഞതിന്റെ പേരിൽ അധ്യാപികയുടെയും മറ്റ് രക്ഷിതാക്കളുടെയും മുന്നിലിട്ട് മകന്റെ മുഖത്തടിച്ച സംഭവത്തിൽ പിതാവിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. അരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സംഭവം അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ജുഡീഷ്യൽ അംഗം പി മോഹൻദാസ് ആവശ്യപ്പെട്ടു

അരൂർ മേഴ്‌സി സ്‌കൂളിലായിരുന്നു സംഭവം. രക്ഷിതാക്കളുടെ യോഗത്തിനിടെ മകന് മാർക്ക് കുറഞ്ഞതിനെ ചൊല്ലി ടീച്ചറോടാണ് പിതാവ് ആദ്യം വഴക്കിട്ടത്. പണം തന്നിട്ടാണ് പഠിപ്പിക്കുന്നതെന്നും മാർക്ക് കുറഞ്ഞത് നിങ്ങളുടെ കുഴപ്പമാണെന്നും ഇയാൾ അധ്യാപികയോട് പറഞ്ഞിരുന്നു. ഇതിനിടെ കുട്ടി ഭയന്നുവിറച്ചു നിൽക്കുന്നത് കണ്ട അധ്യാപിക കുട്ടിയെ ആശ്വസിപ്പിക്കുന്ന സമയത്താണ് ഇയാൾ മകന്റെ കരണത്തടിച്ചത്.

മനുഷ്യാവകാശ കമ്മീഷന് വാട്‌സാപ്പ് വഴി ലഭിച്ച വീഡിയോ ദൃശ്യമാണ് കേസിന് ആധാരമായത്. അച്ഛൻ ചെയ്തത് ജുവൈനൽ ജസ്റ്റിസ് നിയമത്തിന്റെ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പാളിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.

Share this story