ലൗജിഹാദ് ആരോപിച്ച് മാറി നിൽക്കുന്നവരോട് സഹതാപം മാത്രം; ഇന്ത്യൻ പൗരനായതു കൊണ്ടാണ് മനുഷ്യശൃംഖലയിൽ പങ്കെടുത്തത്: ഗീവർഗീസ് മാർ കുറിലോസ്

ലൗജിഹാദ് ആരോപിച്ച് മാറി നിൽക്കുന്നവരോട് സഹതാപം മാത്രം; ഇന്ത്യൻ പൗരനായതു കൊണ്ടാണ് മനുഷ്യശൃംഖലയിൽ പങ്കെടുത്തത്: ഗീവർഗീസ് മാർ കുറിലോസ്

പൗരത്വ നിയമഭേദഗതിക്കെതിരെ ഇടതു മുന്നണി സംസ്ഥാനത്ത് സംഘടിപ്പിച്ച മനുഷ്യശൃംഖലയിൽ പങ്കെടുത്തതിന് വിശദീകരണവുമായി ഗീവർഗീസ് മാർ കൂറിലോസ്. സംഘ്പരിവാർ പ്രേമം പ്രകടിപ്പിക്കുന്ന സീറോ മലബാർ സഭാ അധികാരികളെയും ഗീവർഗീസ് മാർ കൂറിലോസ് രൂക്ഷമായി വിമർശിച്ചു. ശക്തമായ നിലപാട് എടുക്കേണ്ട സാഹചര്യത്തിൽ ലൗ ജിഹാദ് ആരോപിച്ച് മാറി നിൽക്കുന്നത് മതേതര സമൂഹം കാണുന്നുണ്ട്. അത്തരക്കാരോട് സഹതാപം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു

രണ്ട് കാരണങ്ങൾ കൊണ്ടാണ് മനുഷ്യശൃംഖലയിൽ പങ്കെടുത്തത്. ഒന്നാമത്തെ കാരണം ഞാനൊരു ഇന്ത്യൻ പൗരനാണ്. ഇന്ത്യയുടെ ഭരണഘടന അട്ടിമറിക്കപ്പെടുന്നുവെന്ന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഭരണഘടനയെ സംരക്ഷിക്കാൻ എനിക്കും ഉത്തരവാദിത്വമുണ്ടെന്ന ബോധ്യമാണ് ആലപ്പുഴയിൽ ഒരു കണ്ണിയായി തന്നെ അവിടെ എത്തിച്ചത്.

രണ്ടാമത്തെ കാരണം ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ്. ഞാൻ വിശ്വസിക്കുന്ന യേശു ക്രിസ്തു ാെരു അഭയാർഥിയായിരുന്നു. ജനിച്ചയുടനെ സാമ്രാജ്യത്വശക്തികൾ ഉന്നം വെക്കുകയും അദ്ദേഹത്തെ നിഗ്രഹിക്കാൻ ആഗ്രഹിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മാതാപിതാക്കൾക്ക് മകനെയും കൊണ്ട് മറ്റൊരു രാജ്യത്തേക്ക് പലായനം ചെയ്യേണ്ടി വന്നൊരു അഭയാർഥിയായിരുന്നു യേശുക്രിസ്തു. ദൈവത്തെ കാണേണ്ടത് അഭയാർഥികളിലാണ്. അപരത്വം കൽപ്പിക്കപ്പെട്ടവരിലാണ്.

മുസ്ലീം ജനവിഭാഗം നിയമത്തിന്റെ ബലിയാടായി മാറുന്ന സാഹചര്യത്തിൽ അവരോടൊപ്പം നിൽക്കേണ്ടത് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഭരണഘടന സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ തന്റെ ചുമതലയാണെന്ന ബോധ്യം കൂടിയാണ് മനുഷ്യശൃംഖലയിൽ അണിചേർന്നത്. വ്യക്തിപരമായി താനൊരു ഇടതുപക്ഷ ചിന്തയുള്ള ആളാണെന്നും അദ്ദേഹം പറഞ്ഞു

 

Share this story