ശബരിമല കേസ്: വിശാല ബഞ്ചിൽ ഒമ്പത് ദിവസത്തിനകം വാദം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ്

ശബരിമല കേസ്: വിശാല ബഞ്ചിൽ ഒമ്പത് ദിവസത്തിനകം വാദം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ്

ശബരിമല യുവതി പ്രവേശനമടക്കം വിശ്വാസവുമായി ബന്ധപ്പെട്ട കേസുകളിൽ പത്ത് ദിവസത്തിനകം വാദം തീർക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. വിശാല ബഞ്ചിലെ വാദത്തെ കുറിച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.

പരിഗണനാ വിഷയങ്ങളിൽ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. കോടതി തന്നെ കേസിലെ പരിഗണനാ വിഷയങ്ങൾ തയ്യാറാക്കണമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ശബരിമല പുനപ്പരിശോധന ഹർജികൾ ഒമ്പതംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കില്ലെന്ന് ജനുവരി 13ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ഒമ്പതംഗ ബഞ്ചിന്റെ പരിഗണനാ വിഷയത്തിന്റെ കരട് തയ്യാറാക്കാൻ സുപ്രീം കോടതി നേരത്തെ അഭിഭാഷകരെ ചുമതലപ്പെടുത്തിയിരുന്നു. ഉപചോദ്യങ്ങൾ ഉൾപ്പെടെ 17 ചോദ്യങ്ങൾ അടങ്ങിയ പരിഗണന വിഷയങ്ങളുടെ കരട് അഭിഭാഷകരുടെ യോഗം തയ്യാറാക്കിയിരുന്നു

ഏതൊക്കെ വിഷയത്തിലാണ് അഭിപ്രായ ഐക്യമുണ്ടാകാത്തത് എന്ന കാര്യം സോളിസിറ്റർ ജനറൽ വ്യക്തമാക്കിയിട്ടില്ല. ഒമ്പതംഗ ബഞ്ചിന്റെ മുമ്പാകെ വാദം പൂർത്തിയാക്കാൻ 22 ദിവസം വേണമെന്ന് കോടതിയെ അറിയിക്കാനും അഭിഭാഷകരുടെ യോഗത്തിൽ ധാരണയായിരുന്നു. എന്നാൽ പത്ത് ദിവസത്തിലധികം വാദം കേൾക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു.

Share this story