ഗവര്‍ണറെ തടഞ്ഞത് രാജ്യദ്രോഹക്കുറ്റം; ഭരണ പ്രതിപക്ഷത്തിന്റെ നാടകം ജനങ്ങള്‍ തിരിച്ചറിയുമെന്ന് കുമ്മനം

ഗവര്‍ണറെ തടഞ്ഞത് രാജ്യദ്രോഹക്കുറ്റം; ഭരണ പ്രതിപക്ഷത്തിന്റെ നാടകം ജനങ്ങള്‍ തിരിച്ചറിയുമെന്ന് കുമ്മനം

നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍. നിയമസഭയില്‍ ഗവര്‍ണറെ തടയാന്‍ രമേശ് ചെന്നിത്തലയ്ക്ക് ആരാണ് അധികാരം നല്‍കിയതെന്നും ഇവര്‍ ചെയ്തത് രാജ്യദ്രോഹക്കുറ്റമാണെന്നും കുമ്മനം പറഞ്ഞു. ഗവര്‍ണറുടെ നിലപാട് വ്യക്തമാണെന്നും ഭരണഘടനാപരമായ ബാദ്ധ്യത നിര്‍വഹിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും ബിജെപി നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കുമ്മനം പറഞ്ഞു.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രതികരിക്കേണ്ടത് ഗവര്‍ണറെ തടഞ്ഞു കൊണ്ടല്ല. പാര്‍ലമെന്റില്‍ എത്തുന്ന രാഷ്ട്രപതിയെ തടയുമോ എന്നും കുമ്മനം ചോദിച്ചു. ഗവര്‍ണറെ തിരിച്ചു വിളിക്കണം എന്നാവശ്യപ്പെട്ട രമേശ് ചെന്നിത്തലയെ ഹരിപ്പാട്ടെ ജനങ്ങള്‍ തിരിച്ചു വിളിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

ഭരണഘടനാപരമായ ബാദ്ധ്യതയാണ് ഗവര്‍ണര്‍ നിറവേറ്റിയത്. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ഗവര്‍ണറുടെ നിലപാട് വ്യക്തമാണെന്നും എല്‍ഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നത് ഇരുകൂട്ടരും കാട്ടുന്ന രാഷ്ട്രീയ പാപ്പരത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രപതിയുടെ പ്രതിനിധിയെ പോലും തടയുന്ന സാഹചര്യം അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് പറഞ്ഞു.

Share this story