കൊറോണ വൈറസ്: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം; ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകും; വ്യാജവാർത്തകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

കൊറോണ വൈറസ്: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം; ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകും; വ്യാജവാർത്തകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാതലത്തിൽ എല്ലാ ജില്ലകളിലും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ ശൈലജ. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില തൃപ്തികരമെന്നും വ്യാജ വാർത്തകൾ ഉണ്ടായാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടർമാർ അടക്കമുള്ള വിദഗ്ധരുമായി നടത്തിയ അവലോകനയ യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ പുലർച്ചെ ഒന്നേകാലോടെ അവസാനിച്ച അവലോകന യോഗത്തിൽ മന്ത്രി ശൈലജയ്ക്കൊപ്പം മന്ത്രിമാരായ എസി മൊയ്തീൻ, സി രവീന്ദ്രനാഥ്, വിഎസ് സുനിൽകുമാർ എന്നിവരും പങ്കെടുത്തു.

ആകെ 1053പേരാണ് രോഗബാധിത പ്രദേശത്തുനിന്ന് കേരളത്തിലേക്കെത്തിയത്. ഇതിൽ 15 പേർ് ആശുപത്രികളിലും 1038 വീടുകളിലും നിരീക്ഷണത്തിലാണ്. വുഹാനിൽനിന്നെത്തിയ പതിനൊന്നുപേർ തൃശ്ശൂരിലുണ്ട്. ഇതിൽ നാലുപേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.. അതിലൊരാൾക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. മറ്റു മൂന്നുപേരുടെയും പരിശോധനാഫലം നെഗറ്റീവാണ്. ഒരാൾക്ക് രോഗം സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തിൽ ഈ മൂന്നുപേരെയും മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിലേക്ക് മാറ്റിയതായും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ രോഗ ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയവരുണ്ടെങ്കിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. അതിന് മടി കാണിക്കരുത്. അതേപോലെ രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തിയവർ ആൾക്കൂട്ടമുള്ളിടത്തേക്ക് പോകരുത്. മാർഗനിർദേശങ്ങൾ പാലിക്കണം. പോസറ്റീവ് കേസ് തൃശൂരായതിനാൽ ഇവിടെ കേന്ദ്രമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

ആളുകളെ ബോധവൽക്കരിക്കുക എന്നതിനാണ് മുൻഗണന. സ്ഥാപനങ്ങളിൽ ബോധവൽക്കരങ്ങൾ നടത്തും. ആശുപത്രികളിൽ എങ്ങനെ രോഗികളെ പരിചരിക്കണമെന്നതടക്കമുള്ള കാര്യങ്ങളിൽ പരിശീലനം നൽകും. മാസ്‌കും മറ്റ് അവശ്യ വസ്തുക്കളും ശേഖരിക്കാൻ നിർദേശം നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. അത് ഉപയോഗിക്കേണ്ട വിധവും പരിശീലനത്തിൽ ഉൾപ്പെടുത്തും.

Share this story