എസ് വൈ എസ് ജില്ലാ യുവജന റാലി: പ്രതിനിധി സമ്മേളനം തുടങ്ങി

എസ് വൈ എസ് ജില്ലാ യുവജന റാലി: പ്രതിനിധി സമ്മേളനം തുടങ്ങി

തൃശൂര്‍: രാഷ്ട്രീയവും സാംസ്‌കാരികവുമായ ജാഗ്രതകളിലൂടെ ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ സമൂഹം സന്നദ്ധമാകണമെന്ന് എസ് വൈ എസ് ജില്ലാ പ്രതിനിധി സമ്മേളനം ആഹ്വാനം ചെയ്തു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഉണര്‍ന്നിരിക്കുന്ന സമയമാണിത്. ഇന്ത്യയുടെ ജനാധിപത്യ മഹത്വത്തിന് മുറിവേല്‍ക്കുമെന്ന് കണ്ട ഘട്ടത്തില്‍ ഉണ്ടാകേണ്ട അനിവാര്യമായ ഉണര്‍ച്ചയാണ് ഇന്ത്യയിലെ ജനത പ്രകടിപ്പിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ രാഷ്ട്രീയ കരുത്ത് ആര്‍ജിക്കേണ്ടതുണ്ടെന്നും ജനാധിപത്യ, മതേതരത്വ പ്രസ്ഥാനങ്ങളോട് ഐക്യപ്പെടേണ്ടതുണ്ടെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന സന്ദേശത്തില്‍ സംഘടിപ്പിച്ച ജില്ലാ റാലിയോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം പ്രമുഖ ആക്ടിവിസ്റ്റും ചിന്തകനുമായ കെ ഇ എന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് നിസാമി അധ്യക്ഷത വഹിച്ചു. പി കെ ബാവ ദാരിമി പ്രാര്‍ഥന നടത്തി. സിറാജുദ്ദീന്‍ സഖാഫി, സി വി മുസ്ത്വഫ സഖാഫി, പി എ മുഹമ്മദ് ഹാജി, ഗഫൂര്‍ മൂന്നുപീടിക, പി കെ ജഅ്ഫര്‍, ജഅ്ഫര്‍ ചേലക്കര, നൗഷാദ് മൂന്നുപിടിക, ഷമീര്‍ എറിയാട്, അഡ്വ. ബദറുദ്ദീന്‍ സംസാരിച്ചു.
ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് യുവജന റാലി നടക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരക്കണക്കിന് പേര്‍ റാലിയില്‍ അണിനിരക്കും. ജില്ലയിലെ 45 സര്‍ക്കിളുകളില്‍ നിന്നെത്തുന്ന 33 പേരടങ്ങുന്ന ടീം ഒലിവ് അംഗങ്ങള്‍ റാലിയില്‍ സംബന്ധിക്കും. കേന്ദ്ര ഭരണകൂടം ഭരണഘടനയെ വെല്ലുവിളിച്ച് നടത്തുന്ന ഹീനമായ നീക്കങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതാകും യുവജന റാലിയെന്ന് സംഘാടകര്‍ അറിയിച്ചു. യുവജന റാലിക്ക് ശേഷം അഞ്ചിന് പൊതുസമ്മേളനവും നടക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ സംബന്ധിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമാപന സമ്മേളനത്തില്‍ സംബന്ധിക്കും

എസ് വൈ എസ് ജില്ലാ യുവജന റാലി: പ്രതിനിധി സമ്മേളനം തുടങ്ങി

പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തെ ഫാസിസത്തിനെതിരായ പ്രക്ഷോഭമാക്കി മാറ്റണം: കെ ഇ എന്‍

തൃശൂര്‍: പൗരത്വ ഭേദഗതിബില്ലിനെതിരായ പ്രക്ഷോഭത്തെ ഫാസിസത്തിനെതിരായ പ്രക്ഷോഭമാക്കി മാറ്റാന്‍ കഴിയണമെന്ന് പുകാസ കേരള സെക്രട്ടറി കെ ഇ എന്‍ കുഞ്ഞഹമ്മദ്. പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ യുവജന റാലിയുടെ ഭാഗമായി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു. പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഒന്നാം ഘട്ടത്തില്‍ ഇന്ത്യന്‍ ജനത വിജയിച്ചിരിക്കുന്നു. പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുമ്പോള്‍ ഇതിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിക്കാമെന്നാണ് ഭരണകൂടം കണക്കു കൂട്ടിയത്. എന്നാല്‍ ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ബില്ലിനെതിരായി രംഗത്തുവന്നത് അവരുടെ കണക്കുകൂട്ടൽ തെറ്റിച്ചു. 2019 ഡിസംബര്‍ 12ന് നിലവില്‍ വന്ന പൗരത്വ ഭേദഗതി ബില്ലിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രക്ഷോഭങ്ങള്‍ ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തമേറിയതായിരുന്നു. രാജ്യത്തെ ഒരു ജനവിഭാഗത്തിന്റെ പൗരത്വം ഉടനെ ഇല്ലാതാകുമെന്ന ആശങ്ക സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് പൗരത്വ ബില്ലിലൂടെ ഫാസിസ്റ്റ് ഭരണകൂടം ലക്ഷ്യമാക്കിയത്. രാജ്യത്തെ ഏതെങ്കിലും പൗരന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം എടുത്തുകളയുകയാണെങ്കില്‍ അത് തികച്ചും പൗരത്വവിരുദ്ധബില്ലാണെന്ന് പറയേണ്ടിവരും. ഇന്ത്യന്‍ വിഭജനത്തിന് കാരണമായ ആര്‍ എസ് എസ് പ്രത്യയശാസ്ത്രമാണ് കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തെ നയിക്കുന്നത്. ലോകത്ത് ആദ്യമായാണ് വംശഹത്യ ഒരു രാജ്യത്തെ രാഷ്ട്രീയ വിജയത്തിന് കാരണമായത്. സംഘപരിവാര്‍ ആശയങ്ങളുടെ വിജയകാലം എന്നാണ് ഈ കാലഘട്ടത്തെ മോഹൻ ഭാഗവത് വിശേഷിപ്പിക്കുന്നത്. അതായത് വിഭജന പ്രത്യയശാസ്ത്രം ആർ എസ് എസിനെ എതിർക്കുന്ന ജനവിഭാഗങ്ങളെയും സ്വാധീനിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നതാണ് ഏറ്റവും ആപത്കരമായ വസ്തുത. അനുകൂലമായ സാഹചര്യത്തിൽ പൗരത്വ ഭേദഗതി ബില്ലിന് പിന്നാലെ ഇതിലേറെ വിധ്വംസകമായ ആശയങ്ങൾ രാജ്യത്ത് നിയമമായി മാറിയേക്കാമെന്നും കെ ഇ എൻ അഭിപ്രായപ്പെട്ടു. കെ ബി ബശീർ മുസ് ലിയാർ ആമുഖ പ്രഭാഷണം നടത്തി. ഡോ. അബ്ദുർ റസാഖ് അസ്ഹരി അധ്യക്ഷനായിരുന്നു. കെ എസ് ഹംസ(മുസ്ലിം ലീഗ്), മുഹമ്മദലി കിനാലൂർ(രിസാല വാരിക) എന്നിവർ വിഷയാവതരണം നടത്തി. സി വി മുസ്തഫ സഖാഫി, ആർ വി എം ബഷീർ മൗലവി, പി കെ സത്താർ, അബ്ദുഹാജി കാതിയാളം, അബ്ദുഹാജി തൃശൂർ, സി എം ഹനീഫ് സംബന്ധിച്ചു.

എസ് വൈ എസ് ജില്ലാ യുവജന റാലി: പ്രതിനിധി സമ്മേളനം തുടങ്ങി

ഫാസിസത്തിന്റെ പതനം ഭരണകൂടം ഓര്‍ക്കണം: ചീഫ് വിപ്പ് അഡ്വ. കെ രാജന്‍

തൃശൂര്‍: ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണകര്‍ത്താക്കളായ ഹിറ്റ്‌ലര്‍ക്കും മുസോളിനിക്കും പില്‍ക്കാല ചരിത്രം മാറ്റിവെച്ചതെന്താണെന്ന് നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ട് ഓര്‍ക്കുന്നത് നല്ലതാണെന്ന് ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്‍. പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ നടന്ന എസ് വൈ എസ് ജില്ലാ യുവജന റാലിയുടെ പ്രതിനിധി സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്രം ശ്രമിക്കുന്നത്. അസാമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതിലൂടെ പുറത്താക്കപ്പെട്ടത് 18 ലക്ഷത്തോളം പേരാണ്. ശ്രീലങ്കയിലെയും മ്യാന്മറിലെയും കുടിയേറ്റക്കാരെ എന്തുകൊണ്ടാണ് പൗരത്വ നിയമത്തില്‍ നിന്ന് ഒഴിവാക്കിയതെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. രാജന്‍ ആവശ്യപ്പെട്ടു. ആര്‍ എസ് എസ് ആചാര്യനായ എം എസ് ഗോള്‍വാള്‍ക്കര്‍ വിഭാവനം ചെയ്ത ഹിന്ദുരാഷ്ട്രം എന്ന സങ്കല്പം 2025നകം നടപ്പാക്കുക എന്നതാണ് മോദി- അമിത് ഷാ കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്. എന്നാല്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് ആറ് തവണ മാപ്പെഴുതി കൊടുത്ത സവര്‍ക്കറുടെ പാരമ്പര്യമല്ല കേരളത്തിലെയും ഇന്ത്യയിലെയും മതനിരപേക്ഷ ജനസമൂഹത്തിനുള്ളതെന്നും ഇത്തരം ജനവിരുദ്ധമായ നിയമങ്ങള്‍ പിന്‍വലിക്കും വരെ ശക്തമായ പ്രക്ഷോഭങ്ങള്‍ തുടരുമെന്നും അഡ്വ. കെ രാജന്‍ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ ഫാസിസത്തിനെതിരായ പ്രക്ഷോഭമാക്കി മാറ്റാന്‍ കഴിയണമെന്ന് പു.ക.സ കേരള സെക്രട്ടറി കെ ഇ എന്‍ അഭിപ്രായപ്പെട്ടു. യുവജന റാലിയുടെ ഭാഗമായി നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഒന്നാം ഘട്ടത്തില്‍ ഇന്ത്യന്‍ ജനത വിജയിച്ചിരിക്കുന്നുവെന്നും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമ്പോള്‍ ഇതിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിക്കാമെന്നാണ് ഭരണകൂടം കണക്കു കൂട്ടിയതെന്നും എന്നാല്‍ ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നിയമത്തിനെതിരായി രംഗത്തുവന്നത് അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കെ ബി ബശീര്‍ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. അബ്ദുര്‍റസാഖ് അസ്ഹരി അധ്യക്ഷനായിരുന്നു. കെ എസ് ഹംസ(മുസ്ലിം ലീഗ്), മുഹമ്മദലി കിനാലൂര്‍(രിസാല വാരിക) എന്നിവര്‍ വിഷയാവതരണം നടത്തി.

Share this story