ആർ എസ് എസ് നേതാവിന്റെ കൊലപാതകം: പ്രതികളായ 9 ആർ എസ് എസുകാരും കുറ്റക്കാരെന്ന് കോടതി, പ്രതികൾ മുങ്ങി

ആർ എസ് എസ് നേതാവിന്റെ കൊലപാതകം: പ്രതികളായ 9 ആർ എസ് എസുകാരും കുറ്റക്കാരെന്ന് കോടതി, പ്രതികൾ മുങ്ങി

ആർ എസ് എസ് നേതാവായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തി കേസിൽ പ്രതികളായ ഒമ്പത് ആർ എസ് എസുകാരും കുറ്റക്കാരെന്ന് കോടതി വിധി. കൊല്ലം സെഷൻസ് കോടതിയുടേതാണ് വിധി. പ്രതികൾ കോടതിയിൽ എത്താതിരുന്നതിനാൽ ശിക്ഷാവിധി ഫെബ്രുവരി നാലിലേക്ക് മാറ്റി

കടവൂർ വലിയങ്കോട്ട് വീട്ടിൽ ജി വിനോദ്, കൊറ്റങ്കര ഇടയത്തുവീട്ടിൽ ജി ഗോപകുമാർ, കടവൂർ താവറത്തുവീട്ടിൽ സുബ്രഹ്മണ്യൻ, വൈക്കം താഴതിൽ പ്രിയരാജ്, പരപ്പത്തു ജംഗ്ഷൻ തെക്കതിൽ വീട്ടിൽ പ്രണവ്, കിഴടക്കടത്ത് എസ് അരുൺ, മതിലിൽ അഭി നിവാസിൽ രജനീഷ്, ലാലിവിള വീട്ടിൽ ദിനരാജ്, കടവൂർ ഗോപാല സദനം ആർ ഷിജു എന്നിവരെയാണ് കുറ്റക്കാരായി കോടതി വിധിച്ചത്.

ജാമ്യത്തിലിറങ്ങിയ പ്രതികളാരും കോടതിയിൽ എത്തിയിരുന്നില്ല. ഇതേ തുടർന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കിയ കോടതി വാറണ്ട് പുറപ്പെടുവിച്ചു. പ്രതികളെ ഉടൻ പിടികൂടി ഹാജരാക്കാൻ പോലീസിനോട് നിർദേശിച്ചു.

2012 ഫെബ്രുവരി 7നാണ് പ്രതികൾ കടവൂർ ജയനെ വെട്ടിക്കൊന്നത്. പാർട്ടി വിട്ടതിന്റെ ദേഷ്യത്തിലായിരുന്നു സംഭവം. 64 വെട്ടുകളാണ് ജയന്റെ ശരീരത്തിലുണ്ടായിരുന്നത്. ആക്രമണത്തിൽ ജയന്റെ സഹോദരി ഭർത്താവ് രഘുനാഥൻ പിള്ളക്കും പരുക്കേറ്റിരുന്നു.

Share this story