കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു: ഇനിയുള്ള ദിവസങ്ങളിൽ അതീവ ജാഗ്രതയെന്ന് ആരോഗ്യ മന്ത്രി

കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു: ഇനിയുള്ള ദിവസങ്ങളിൽ അതീവ ജാഗ്രതയെന്ന് ആരോഗ്യ മന്ത്രി

രാജ്യത്തെ മൂന്നാമത്തെ കൊറോണ വൈറസ് ബാധയും കേരളത്തിൽ സ്ഥിരീകരിച്ചതോടെ കേരളം കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതീവജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ തുടരുമെന്നും, ഇനിയും ചൈനയിൽ നിന്നുള്ളവർ തിരികെയെത്തുമെന്നും, അവരെ പരിഭ്രാന്തി പരത്താതെ ക്വാറന്റൈൻ ചെയ്യാൻ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

സംസ്ഥാനത്തെമ്പാടും 2239 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 84 പേരാണ് ആശുപത്രിയിലുള്ളത്. 2155 പേർ വീടുകളിലും. 140 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 49 എണ്ണത്തിന്റെ ഫലം വന്നു. ഇതിലെ മൂന്ന് കേസുകളാണ് ഇപ്പോൾ പോസിറ്റീവായി കണ്ടെത്തിയിരിക്കുന്നത്.

ആദ്യം തൃശ്ശൂരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധയുമായി സമ്പർക്കമുള്ളതായി കണ്ടെത്തിയത് 84 പേർക്കാണ്. ഇതിൽ 40 പേർ തൃശ്ശൂർ ജില്ലയിലും മറ്റുള്ളവർ ബാക്കി ജില്ലകളിലുമാണ്. ഇവരെയെല്ലാവരെയും വിശദമായി നിരീക്ഷിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. എല്ലാ ജില്ലകളിലും ചൈനയിൽ നിന്നുള്ളവർ തിരികെ വരാനിടയുണ്ട്. വിവരശേഖരണം ജില്ലാടിസ്ഥാനത്തിൽ നടത്തിവരികയാണ്.

ചിലർ വിവരം തരാതെ ഒഴിഞ്ഞുമാറുന്നതായി മനസ്സിലാക്കുന്നുണ്ടെന്നും, ക്വാറന്റൈൻ ചെയ്യാൻ വിസമ്മതിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

Share this story