ബിജെപിക്കാരുടെ ബോംബേറിൽ കാല് നഷ്ടപ്പെട്ട അസ്‌ന ഇനി ചെറുവാഞ്ചേരിക്കാരുടെ ഡോക്ടർ

ബിജെപിക്കാരുടെ ബോംബേറിൽ കാല് നഷ്ടപ്പെട്ട അസ്‌ന ഇനി ചെറുവാഞ്ചേരിക്കാരുടെ ഡോക്ടർ

കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന ഇരയാണ് ചെറുവാഞ്ചേരിയിലെ അസ്‌ന. അഞ്ചാം വയസ്സിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബോംബേറിൽ കാൽ നഷ്ടപ്പെട്ടതാണ് അസ്‌നക്ക്. വർഷങ്ങൾക്കിപ്പുറം ഇന്ന് അസ്‌ന ഡോക്ടറാണ്. അതും ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ. വിധിയോടു പൊരുതി നേടിയ വിജയമാണ് ഈ പെൺകുട്ടിയുടേത്.

അച്ഛൻ നാണുവിനൊപ്പമെത്തി ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് അസ്‌ന ചുമതലയേറ്റത്. 2000 സെപ്റ്റംബറിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിനത്തിലാണ് ബോംബേറിൽ അസ്‌നക്ക് കാൽ നഷ്ടപ്പെട്ടത്. ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ.

മകളുടെ സ്വപ്‌നങ്ങൾക്കൊപ്പം നടന്ന് വിജയത്തിലേക്ക് എത്തിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് അച്ഛൻ നാണു. കാൽ തകർന്ന് ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോഴാണ് ഡോക്ടർ മോഹം അസ്‌നയുടെ മനസ്സിലേക്ക് എത്തിയതെന്നും നാണു പറയുന്നു.

Share this story