ചൈനയിൽ നിന്നും 15 മലയാളി വിദ്യാർഥികൾ കൂടി കൊച്ചിയിലെത്തി; വീടുകളിൽ നിരീക്ഷിക്കും

ചൈനയിൽ നിന്നും 15 മലയാളി വിദ്യാർഥികൾ കൂടി കൊച്ചിയിലെത്തി; വീടുകളിൽ നിരീക്ഷിക്കും

കൊറോണ വൈറസ് സാഹചര്യത്തിൽ ചൈനയിൽ നിന്നും കേന്ദ്രസർക്കാർ ഇടപെട്ട് കൊച്ചിയിലെത്തിച്ച 15 വിദ്യാർഥികളെ വീടുകളിൽ നിരീക്ഷിക്കും. നേരത്തെ കൊച്ചി വിമാനത്താവളത്തിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളജിലെത്തിച്ച ഇവരെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചിരുന്നു. 28 ദിവസത്തേക്ക് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഏറെ നാളത്തെ ആശങ്കകൾക്കൊടുവിലാണ് 15 മലയാളി വിദ്യാർഥികൾക്ക് കൂടി നാട്ടിലേക്ക് തിരിച്ചെത്താനായത്. ബാങ്കോക്ക് വഴിയുള്ള വിമാനത്തിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് ഇവർ കൊച്ചിയിലെത്തിയത്. തമിഴ്‌നാട് സ്വദേശികളായ വിദ്യാർഥികളും ഇവർക്കൊപ്പമുണ്ട്.

കേരളത്തിലേക്ക് വരാനായി കഴിഞ്ഞ ദിവസം ചൈനയിലെ കുമിങ് വിമാനത്താവളത്തിൽ എത്തിയെങ്കിലും ഇവർക്ക് മടങ്ങാനായിരുന്നില്ല. സിംഗപ്പൂർ വിമാനത്തിൽ ഇവരെ കയറ്റാതിരുന്നതോടെ വിദ്യാർഥികൾ വിമാനത്താവളത്തിൽ കുരുങ്ങി. തുടർന്ന് കേന്ദ്രവിദേശ കാര്യമന്ത്രി വി മുരളീധരന്റെ ഇടപെടൽ വഴി ബാങ്കോക്ക് വഴി യാത്ര ഒരുക്കുകയായിരുന്നു.

Share this story