സൂരജിന്റെ മൊഴി അസംബന്ധമെന്ന് ഇബ്രാഹിംകുഞ്ഞ്; വിജിലൻസ് ചോദ്യം ചെയ്തത് മൂന്ന് മണിക്കൂറോളം നേരം

സൂരജിന്റെ മൊഴി അസംബന്ധമെന്ന് ഇബ്രാഹിംകുഞ്ഞ്; വിജിലൻസ് ചോദ്യം ചെയ്തത് മൂന്ന് മണിക്കൂറോളം നേരം

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. തിരുവനന്തപുരം പൂജപ്പുര വിജിലൻസ് ഓഫീസിൽ മൂന്ന് മണിക്കൂറോളം നേരമാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തത്.

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയതായി ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ചു. ടി ഒ സൂരജിന്റെ മൊഴി അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആർ ഡി എസ് കമ്പനിക്ക് മുൻകൂറായി പണം നൽകിയതെന്നാണ് ടി ഒ സൂരജ് വിജിലൻസിന് നൽകിയ മൊഴി.

ഇതുമായി ബന്ധപ്പെട്ട ഫയലുകളിൽ ഉദ്യോഗസ്ഥരെല്ലാം തന്നെ കമ്പനിക്ക് മുൻകൂറായി പണം നൽകാമെന്ന് എഴുതിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പണം മുൻകൂർ നൽകുന്നതിൽ എതിർപ്പില്ലെന്ന് താനും പറഞ്ഞതെന്ന് ഇബ്രാഹിം കുഞ്ഞ് വിജിലൻസിനോട് പറഞ്ഞു

തെളിവുകളുടെ അടിസ്ഥാനത്തിൽ കൃത്യമായ ചോദ്യാവലി തയ്യാറാക്കിയാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തത്. മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാൻ വിളിക്കുമെന്ന് വിജിലൻസ് എസ് പി അറിയിച്ചു.

Share this story