ശരണ്യയ്ക്ക് ആകെയുള്ള വിഷമം കുറ്റം കണ്ടുപിടിച്ചതിൽ മാത്രം; കുഞ്ഞിനെ കൊന്നതിൽ ഒരു കുറ്റബോധവുമില്ല

ശരണ്യയ്ക്ക് ആകെയുള്ള വിഷമം കുറ്റം കണ്ടുപിടിച്ചതിൽ മാത്രം; കുഞ്ഞിനെ കൊന്നതിൽ ഒരു കുറ്റബോധവുമില്ല

കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുള്ള സ്വന്തം കുഞ്ഞിനെ കടലിൽ എറിഞ്ഞു കൊന്ന ശരണ്യയ്ക്ക് തെറ്റു കണ്ടുപിടിക്കപ്പെട്ടതിലെ വിഷമം മാത്രമാണുള്ളതെന്ന് പോലീസ്. കുട്ടിയെ കടലിൽ എറിഞ്ഞ കാര്യത്തെ കുറിച്ച് പറയുമ്പോഴൊന്നും വിഷമം ശരണ്യക്കുണ്ടായിരുന്നില്ല. അതേസമയം നാട്ടുകാരെ എങ്ങനെ അഭിമുഖീകരിക്കുമെന്നും താൻ ചെയ്ത കൊലപാതകം എല്ലാവരും അറിഞ്ഞല്ലോയെന്നുമുള്ള വിഷമം മാത്രമാണ് യുവതിക്കുണ്ടായിരുന്നത്.

ഭർത്താവിനെ പ്രതിയാക്കാനുള്ള ശ്രമം പാളിപ്പോയതും ശരണ്യയെ അസ്വസ്ഥയാക്കുന്നുണ്ട്. പക്ഷേ ഇതേ കള്ളത്തരമാണ് ശരണ്യയെ കുടുക്കിയതും. ഇരുപത്തിരണ്ടുകാരി ചെയ്ത ക്രൂരതയുടെ നടുക്കം പക്ഷേ ഇതുവരെ പരിസരവാസികളിൽ നിന്ന് വിട്ടുമാറിയിട്ടില്ല. ആർക്കും കണ്ടാൽ ഒന്ന് കൊഞ്ചിക്കാൻ തോന്നുന്ന പൊന്നോമനയെ രണ്ട് തവണ കരിങ്കൽ കൂട്ടത്തിലേക്ക് വലിച്ചെറിയുകയും ഇതിന് ശേഷം യാതൊന്നും സംഭവിക്കാത്ത പോലെ വന്നുറങ്ങുകയും ചെയ്ത യുവതിയോട് ക്ഷമിക്കാനും നാട്ടുകാർ തയ്യാറല്ല

അയൽക്കാരോടെല്ലാം സ്‌നേഹത്തോടെയായിരുന്നു ശരണ്യ പെരുമാറിയിരുന്നത്. ഭർത്താവുമായി വഴക്കാണെന്ന് ഇവരോടൊക്കെ പറയുമായിരുന്നു. നാല് വർഷം മുമ്പ് 18 വയസ്സ് തികഞ്ഞതിന് പിന്നാലെയാണ് പ്രണവുമൊന്നിച്ച് ശരണ്യ ഒളിച്ചോടിയത്. ഫേസ്ബുക്ക് വഴിയായിരുന്നു പ്രണയം. ശരണ്യ ഗർഭിണി ആയതിന് പിന്നാലെ പ്രണവ് ഗൾഫിൽ ജോലി തേടി പോയി. ഇതോടെയാണ് മറ്റൊരു പ്രണയം മൊട്ടിട്ടത്. അതും ഫേസ്ബുക്ക് വഴിയായിരുന്നു. പ്രണവിന്റെ സുഹൃത്തുമായാണ് ഇത്തവണ പ്രേമിച്ചത്. ഇതാകട്ടെ ഒരു പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിലേക്കും എത്തിച്ചു

ശരണ്യയുടെ പുതിയ പ്രണയമറിഞ്ഞ പ്രണവ് നാട്ടിലെത്തുകയും ഇത് ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് ഇവർ തമ്മിൽ സ്വരച്ചേർച്ച ഉടലെടുത്തത്. തുടർന്ന് ശരണ്യ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോന്നു. കുട്ടിയെ വളർത്തിയതും പൊന്നു പോലെ നോക്കിയതുമെല്ലാം ശരണ്യയുടെ പിതാവ് വത്സരാജും അമ്മ റീനയും ചേർന്നായിരുന്നു. ശരണ്യ പുറത്തു പോകുമ്പോഴൊന്നും കുട്ടിയെ കൊണ്ടുപോകാറുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Share this story