മതം ഇല്ലെന്ന് പ്രവേശന ഫോമിൽ രേഖപ്പെടുത്തി; ഒന്നാം ക്ലാസുകാരന് പ്രവേശനം നൽകാതെ പട്ടം സെന്റ് മേരീസ് സ്‌കൂൾ

മതം ഇല്ലെന്ന് പ്രവേശന ഫോമിൽ രേഖപ്പെടുത്തി; ഒന്നാം ക്ലാസുകാരന് പ്രവേശനം നൽകാതെ പട്ടം സെന്റ് മേരീസ് സ്‌കൂൾ

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷയിൽ മകന് മതം ഇല്ലെന്ന് രേഖപ്പെടുത്തിയതിന് സ്‌കൂൾ പ്രവേശനം നിഷേധിച്ചതായി രക്ഷിതാക്കളുടെ പരാതി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിനെതിരെയാണ് രക്ഷിതാക്കളുടെ പരാതി

നസീം-ധന്യ ദമ്പതികളുടെ മകനെ ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കാനായി പട്ടം സെന്റ് മേരീസ് സ്‌കൂളിൽ എത്തിയപ്പോഴാണ് സംഭവം. പ്രവേശന ഫോമിൽ മകന് മതം ഇല്ലെന്ന് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ എൽ പി വിഭാഗം മേധാവി സിസ്റ്റർ ടെസി തടസ്സം പറയുകയായിരുന്നു.

പ്രവേശനം നിഷേധിച്ചത് രക്ഷിതാക്കൾ ചോദ്യം ചെയ്തതോടെ സിസ്റ്റർ വിശദമായ സത്യവാങ്മൂലം ആവശ്യപ്പെട്ടു. അഡ്മിഷൻ വേണമെങ്കിൽ മതം രേഖപ്പെടുത്തിയ രേഖ വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. മതം രേഖപ്പെടുത്താതെ പ്രവേശനം നേടാമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കുമ്പോഴാണ് ഇത്തരമൊരു ധാർഷ്ട്യം സ്‌കൂളിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

നസീമിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടതായി സ്‌കൂൾ അധികൃതരും സമ്മതിച്ചു. നസീം പരാതി അറിയിച്ചതോടെ പ്രവേശനം നൽകാൻ തയ്യാറാണെന്ന് സ്‌കൂൾ മാനേജ്‌മെന്റ് വ്യക്തമാക്കി. എന്നാൽ ഇനി പ്രവേശനം വേണ്ടെന്നാണ് ദമ്പതികളുടെ നിലപാട്.

Share this story