അച്ഛനും സുഹൃത്തും ചേർന്ന് മകളെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകിയ മാതാവിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

അച്ഛനും സുഹൃത്തും ചേർന്ന് മകളെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകിയ മാതാവിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവും പിതാവിന്റെ സുഹൃത്തും പീഡിപ്പിച്ചെന്ന് വ്യാജപരാതി നൽകിയ മാതാവിനെതിരെ കേസെടുക്കാൻ കോടതി നിർദേശം. കുടുംബകലഹത്തെ തുടർന്നാണ് പെൺകുട്ടിയെ സ്വാധീനിച്ച് അമ്മ വ്യാജപരാതി നൽകിയതെന്ന് കോടതി കണ്ടെത്തി. പത്തനംതിട്ട പോക്‌സോ കോടതിയുടേതാണ് നടപടി

പന്തളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നിർണായക ഇടപെടൽ. ഗീവർഗീസ്, സുഹൃത്ത് സുരേഷ് കുമാർ എന്നിവരെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇരുവരെയും കോടതി കുറ്റവിമുക്തരാക്കി.

ഭാര്യയുമായി 2013 മുതൽ സ്വരച്ചേർച്ചയിൽ അല്ലായിരുന്നു ഗീവർഗീസ്. കുടുംബ കോടതിയിൽ ഇതുസംബന്ധിച്ച കേസും നിലനിൽക്കുന്നുണ്ട്. നാല് വർഷമായി ഇരുവരും അകന്നു കഴിയുകയാണ്. പെൺകുട്ടികളിൽ ഒരാൾ അച്ഛനൊപ്പവും ഇളയ കുട്ടി അമ്മയ്‌ക്കൊപ്പവുമാണ് താമസിക്കുന്നത്.

പത്ത് വയസ്സുകാരിയായ ഇളയകുട്ടിയെ സ്വാധീനിച്ചാണ് അമ്മ വ്യാജപരാതി നൽകിയത്. കോടതിയിൽ പെൺകുട്ടി കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോടതി അമ്മക്കെതിരെ കേസെടുക്കാൻ നിർദേശിച്ചത്.

Share this story