കാണാതായി ഒരു മണിക്കൂറിനുള്ളിൽ ദേവനന്ദ മരിച്ചു; ബലപ്രയോഗത്തിൻറെ ലക്ഷണമില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കാണാതായി ഒരു മണിക്കൂറിനുള്ളിൽ ദേവനന്ദ മരിച്ചു; ബലപ്രയോഗത്തിൻറെ ലക്ഷണമില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദ ഇന്നലെ ഉച്ചയ്ക്ക് മുൻപ് മരിച്ചതായി പോസ്റ്റ്‌മോർട്ടത്തിലെ നിർണ്ണായക കണ്ടെത്തൽ. കുട്ടിയെ കാണാതായ ശേഷം ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചതായാണ് കണ്ടെത്തൽ. മൃതദേഹം അഴുകാൻ തുടങ്ങിയിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.

കുട്ടിയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താനായില്ല.വയറ്റിലും ശ്വാസകോശത്തിലും വെള്ളവും ചെളിയും ഉണ്ട്. ഇത് മുങ്ങിമരണത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനയ്ക്ക് ശേഷമേ അന്തിമ നിഗമനത്തിലേക്ക് പോകൂ. ഇൻക്വസ്റ്റ് നടപടികളിലും കുട്ടിയുടെ ശരീരത്തിൽ ബലപ്രയോഗത്തിൻറെ ലക്ഷണങ്ങളൊന്നുമില്ലെന്ന് വ്യക്തമായിരുന്നു. മുതിർന്ന ഫോറൻസിക് സർജൻമാർ ഉൾപ്പെടുന്ന ഒരു സംഘമാണ് പോസ്റ്റുമോർട്ടം നടപടികൾ നടത്തിയത്.

കുട്ടിയുടെ മൃതദേഹത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലും പറഞ്ഞിരുന്നത്. വീട്ടിൽ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ മുങ്ങൽ വിദഗ്ധരാണ് ഇന്ന് രാവിലെ ദേവനന്ദയുടെ മൃതദേഹം ആറ്റിൽ നിന്ന് കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു കുട്ടിയുടെ മൃതദേഹം. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയിൽ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്.

Share this story