ദേവനന്ദയെ കാണാൻ അച്ഛൻ പ്രദീപ് വിദേശത്ത് നിന്ന് പറന്നെത്തി; കാണാനായത് ജീവനറ്റ ശരീരം

ദേവനന്ദയെ കാണാൻ അച്ഛൻ പ്രദീപ് വിദേശത്ത് നിന്ന് പറന്നെത്തി; കാണാനായത് ജീവനറ്റ ശരീരം

കൊല്ലത്ത് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറ് വയസ്സുകാരി ദേവനന്ദയെ കാണാൻ വിദേശത്തായിരുന്ന അച്ഛൻ പ്രദീപ് എത്തി. കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞതിനെ തുടർന്ന് പ്രദീപ് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് പ്രദീപ് വീട്ടിലെത്തിയത്. എന്നാൽ പ്രതീക്ഷകളെല്ലാം അസ്തമിച്ച് മകളുടെ ജീവനറ്റ ശരീരമാണ് പ്രദീപിന് കാണാനായത്.

മകളുടെ മരണവാർത്ത അറിഞ്ഞ് തളർന്ന പ്രദീപിനെ നാട്ടുകാർ താങ്ങിപ്പിടിച്ചാണ് മൃതദേഹത്തിന് അരികിലേക്ക് എത്തിച്ചത്. കണ്ടുനിന്നവർ പോലും കരച്ചിലടക്കാൻ പാടുപെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് കുട്ടിയുടെ മൃതദേഹം വീടിനോട് ചേർന്നുള്ള ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തിയത്.

കമിഴ്ന്നുകിടക്കുന്ന നിലയിലാണ് പുഴയിൽ മൃതദേഹം പൊന്തിയത്. കാണാതായ സമയത്ത് ധരിച്ച വസ്ത്രങ്ങൾ തന്നെയായിരുന്നു മൃതദേഹത്തിലും. ഇന്നലെ രാവിലെ പത്തരോടെയാണ് മുറ്റത്ത് കളിച്ചു കൊണ്ടു നിന്ന ദേവനന്ദയെ കാണാതായത്. ഈ സമയം അമ്മ വീടിന് പുറകിൽ തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്നു.

Share this story