ദേവനന്ദയുടെ മരണത്തിനു പിന്നില്‍ ദുരൂഹതയെന്ന് കുടുംബം; കുട്ടിയെ തട്ടിക്കൊണ്ട് പോയത്; ശാസ്ത്രീയമായി അന്വേഷിക്കുമെന്ന് പൊലീസ്

ദേവനന്ദയുടെ മരണത്തിനു പിന്നില്‍ ദുരൂഹതയെന്ന് കുടുംബം; കുട്ടിയെ തട്ടിക്കൊണ്ട് പോയത്; ശാസ്ത്രീയമായി അന്വേഷിക്കുമെന്ന് പൊലീസ്

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. അപ്പൂപ്പന്‍ മോഹനന്‍ പിള്ളയാണ് ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. കുട്ടി ഒറ്റക്ക് ആറ്റിന്‍ തീരത്തേക്ക് പോകില്ലെന്നും ആരോ തട്ടിക്കൊണ്ട് പോയതാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

 

അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിട്ടില്ല. കുഞ്ഞ് അടുത്ത ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പോയിട്ടില്ല. നേരത്തെ ക്ഷേത്രത്തില്‍ പോയത് മറ്റൊരു വഴിയിലൂടെയായിരുന്നു. അയല്‍വീട്ടില്‍ പോലും പോകാത്ത കുട്ടിയായിരുന്നു ദേവനന്ദയെന്നും മുത്തച്ഛന്‍ പറയുന്നു. അമ്മയോടോ അപ്പൂപ്പനോടോ അമ്മൂമ്മയോടോ ചോദിക്കാതെ പുറത്തിറങ്ങാത്ത കുട്ടിയാണ്. മാത്രമല്ല ഓടിയാല്‍ പോലും ആ സമയത്ത് കുട്ടി പുഴക്കരയിലെത്തില്ലെന്നും അപ്പൂപ്പന്‍ പറയുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലവും സമയവും എല്ലാം വച്ച് നോക്കുമ്പോഴും ദുരൂഹത മാത്രമാണ് ബാക്കിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

 

ഒരു പരിചയവും ഇല്ലാത്ത വഴിയാണ്. ആരോ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ വിശ്വാസം . ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം തന്നെ നടത്താനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. ശാസ്ത്രീയ പരിശോധനകളും ഇക്കാര്യത്തില്‍ നടത്തുമെന്ന് പൊലീസ് പറഞ്ഞു.

 

കുട്ടിക്ക് സംഭവിച്ച ദുരന്തം അറിഞ്ഞ് വിദേശത്ത് നിന്ന് എത്തിയ ദേവനന്ദയുടെ അച്ഛന്‍ പ്രദീപിന്റെ മൊഴി നാളെ രേഖപ്പെടുത്താനാണ് പൊലീസ് ഒരുങ്ങുന്നത്. ബന്ധുക്കള്‍ അടക്കം കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. ശാസ്ത്രീയമായ അന്വേഷണം നടത്തി സംഭവത്തിന്റെ ചുരുളഴിക്കാനാണ് പൊലീസ് തീരുമാനം.

Share this story