ഈ പാവങ്ങളേയോ ബഹിഷ്‌കരിച്ചത്; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

ഈ പാവങ്ങളേയോ ബഹിഷ്‌കരിച്ചത്; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

ലൈഫ് പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നതിനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രമേശ് ചെന്നിത്തലയും ശശി തരൂർ എംപിയും ചടങ്ങ് ബഹിഷ്‌ക്കരിച്ചതിനെയാണ് മുഖ്യമന്ത്രി വിമർശിച്ചത്. ഈ പാവങ്ങളെയാണോ യുഡിഎഫ് ബഹിഷ്‌ക്കരിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

വീട് നിർമിച്ച് നൽകിയെന്നത് എല്ലാവർക്കും അഭിമാനിക്കാൻ വക നൽകുന്ന കാര്യം. ആരായിരുന്നു ഭരിച്ചതെന്ന് നോക്കിയല്ല ലൈഫ് പദ്ധതിയിൽ വീടുകൾ നിർമ്മിച്ചത്. വീട് പൂർത്തിയായില്ല എന്നത് മാത്രമാണ് നോക്കിയത്. എന്തുകൊണ്ടാണ് നേരത്തെ വീട് പൂർത്തിയാക്കാൻ യുഡിഎഫ് പണം അനുവദിക്കാതിരുന്നത്? ഇത്ര ഇടുങ്ങിയ മനസ് കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

‘പാവപ്പെട്ടവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന പ്രവർത്തനമാണിത്. യുഡിഎഫ് നേരത്തെയും ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചിട്ടുണ്ട്. ലോക കേരള സഭയിൽ നിന്നും വിട്ട് നിന്നു. പ്രളയ പുനരധിവാസത്തിലും പ്രതിപക്ഷം മാറി നിന്നു. നിക്ഷേപ സംഗമം നടത്തിയപ്പോഴും പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു. ഇതെന്തൊരു മനോഭാവം? നാടിനോടും നാടിന്റെ ഭാവിയോടുമാണ് ഈ ക്രൂരത യുഡിഎഫ് കാണിക്കുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.

‘ജനാധിപത്യം സംരക്ഷിക്കാനുള്ള സമരത്തിലും പ്രതിപക്ഷം ഒന്നിച്ചില്ല. എന്നാൽ നാടിന്റെ ഐക്യവും ഒരുമയും നഷ്ട്ടപ്പെട്ടിട്ടില്ല. പ്രതിപക്ഷത്തിന്റെ നെഗറ്റീവ് ഇടപെടൽ ഇതിനെ ബാധിച്ചിട്ടില്ല. പ്രതിപക്ഷം നന്നാവുമെന്ന് തോന്നുന്നില്ല. എങ്കിലും ഇനിയും ഒരുമിച്ച് പോകേണ്ട സാഹചര്യമുണ്ട്. നിഷേധാത്മക സമീപനത്തിന് പ്രതിപക്ഷത്തെ ചരിത്രം കുറ്റക്കാരെന്ന് വിധിയെഴുതും.’

‘പദ്ധതിക്ക് എല്ലാവരുടെയും സഹായം ലഭിച്ചു. പിഎംഎവൈ പദ്ധതി വഴിയുള്ള വീടുകളിലില്ലേ എന്ന് ചിലർ ചോദിക്കുന്നുണ്ട്. കേരളത്തിലെ വ്യത്യസ്ത വകുപ്പുകളുടെ വീടുകളും പിഎംഎവൈ വീടുകളുമുണ്ട്. പിഎംഎവൈ ഗ്രാമങ്ങളിൽ 75000 രൂപയാണ് വീട് നിർമ്മിക്കാൻ നൽകുന്നത്. അതിനോട് 3.25 ലക്ഷം രൂപ സർക്കാർ കൂട്ടണം. നഗരങ്ങളിൽ ഒന്നര ലക്ഷം പിഎംഎവൈ യിൽ നിന്ന് കിട്ടും. രണ്ടര ലക്ഷം സർക്കാർ കൂട്ടണം പദ്ധതിയെ വിമർശിക്കുന്നവരെ ഉദ്ദേശിച്ചെന്നോണം മുഖ്യമന്ത്രി പറഞ്ഞു. ഈ തുക വർധിപ്പിക്കണമെന്ന് പലവട്ടം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. അതുണ്ടായില്ല.’

ആദ്യഘട്ടത്തിൽ ലൈഫ് പദ്ധതി പ്രകാരം 97 ശതമാനം വീടുകൾ പൂർത്തിയായി. ശേഷിച്ചവർ അവരുടെ കുടുംബപരമായ പ്രശ്‌നങ്ങളോ, ഭൂമി സംബന്ധമായ പ്രശ്‌നങ്ങളോ നേരിടുന്നവരാണ്. ഈ തർക്കങ്ങൾ തീർക്കാൻ സർക്കാർ സാധ്യമായ രീതിയിലെല്ലാം ഇടപെട്ടതാണ്. സർക്കാർ ഇടപെട്ട് പരിഹാരം കാണാൻ സാധിക്കാത്തവയുടെ പൂർത്തീകരണമാണ് അവശേഷിക്കുന്നത്. അത് ലൈഫ് മിഷന്റെ ദൗർബല്യമല്ല, അവരുടെ സ്ഥലത്തിന്റെ പ്രത്യേക പ്രശ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം ഘട്ടം 1,62,000 വീടുകൾ പൂർത്തീകരിക്കാനായി. 5851 കോടിയിൽ പരം രൂപയാണ് ഇതിനായി ചിലവഴിച്ചത്.

മാനസിക വെല്ലുവിളി നേരിടുന്നവരും, ഒറ്റയ്ക്ക് താമസിക്കുന്നവരും, അവിവാഹിതരായ വയോധികരും, വിധവകളും ഭിന്നശേഷിക്കാർക്കും ലൈഫ് പദ്ധതിയിലൂടെ വീട് വച്ച് നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ അപകടത്തിൽ ശരീരം തളർന്നുപോയവരുമുണ്ട്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു. എട്ടോ ഒൻപതോ സുതാര്യമായ നിബന്ധനകളാണ് ഉണ്ടായിരുന്നത്. അത് കൃത്യമായി പാലിച്ചാണ് പട്ടികയിൽ ആൾക്കാരെ ഉൾക്കൊള്ളിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Share this story