കെ എസ് ആർ ടി സി മിന്നൽ സമരം; പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കമ്മീഷണർ

കെ എസ് ആർ ടി സി മിന്നൽ സമരം; പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കമ്മീഷണർ

കെ എസ് ആർ ടി സിയുടെ മിന്നൽ സമരവുമായി ബന്ധപ്പെട്ട് പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്. കലക്ടർക്ക് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്. ഗതാഗത തടസ്സവും ക്രമസമാധാന പ്രശ്‌നവുമുണ്ടായപ്പോഴാണ് ഇടപെട്ടത്.

സ്വകാര്യബസ് ജീവനക്കാരനെ കെ എസ് ആർ ടി സി ജീവനക്കാർ കയ്യേറ്റം ചെയ്‌തെന്ന വിവരത്തെ തുടർന്നാണ് പോലീസ് എത്തിയത്. ഒരു പോലീസ് ഡ്രൈവറും എസ് ഐയും മാത്രമാണ് ആദ്യമെത്തിയിരുന്നത്. ഇവരെ കെ എസ് ആർ ടി സി ജീവനക്കാർ കയ്യേറ്റം ചെയ്തു. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ തെളിവെടുപ്പിന് കൈമാറി

സമരത്തിനിടെ കുഴഞ്ഞുവീണ യാത്രക്കാരൻ സുരേന്ദ്രനെ ആശുപത്രിയിലെത്തിക്കാൻ വൈകിയിട്ടില്ല. 3.07നാണ് സുരേന്ദ്രൻ കുഴഞ്ഞുവീണെന്ന് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. 3.14ന് സുരേന്ദ്രനെ ആശുപത്രിയിലെത്തിച്ചതായും കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ബസുകൾ റോഡിൽ നിർത്തിയിട്ടിരുന്നതിനാൽ സംഭവസ്ഥലത്തേക്ക് ആംബുലൻസ് എത്തിക്കാൻ ബുദ്ധിമുട്ടേണ്ടതായി വന്നതായും പോലീസ് വിശദീകരിക്കുന്നു.

സമരത്തിൽ സർക്കാർ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് വിവരം. സംഭവത്തിൽ ജില്ല കലക്ടർ ഇന്ന് ഗതാഗത മന്ത്രിക്ക് റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിലാകും നടപടി.

Share this story