ദൃശ്യമാധ്യമങ്ങള്‍ക്ക് വിലക്ക്; ഇനി ആരും സത്യം പറയാതിരിക്കാനുള്ള മുന്‍കരുതലെന്ന് ഡിവൈഎഫ്‌ഐ

ദൃശ്യമാധ്യമങ്ങള്‍ക്ക് വിലക്ക്; ഇനി ആരും സത്യം പറയാതിരിക്കാനുള്ള മുന്‍കരുതലെന്ന് ഡിവൈഎഫ്‌ഐ

എഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളെ 48 മണിക്കൂര്‍ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ രംഗത്ത്. രണ്ട് ദൃശ്യ മാധ്യമങ്ങള്‍ക്ക് 48മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയ ബിജെപി സര്‍ക്കാര്‍ നടപടി അത്യന്തം അപലപനീയമാണെന്നും ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരും മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള നഗ്‌നമായ കടന്നാക്രമണവുമാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന വംശീയാക്രമണങ്ങളുടെ വാര്‍ത്ത നല്കിയതിനാലാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍ഭയമായ വാര്‍ത്തകളാണ് ഒരുപരിധിവരെ ഡല്‍ഹിയില്‍ ഇരകള്‍ക്ക് ആശ്വാസമായത്. പോലീസിനെ നടപടികള്‍ക്ക് പ്രേരിപ്പിച്ചതും മാധ്യമ ഇടപെടലുകളായിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയെപ്പോലെ പദ്ധതിയിട്ടിരുന്നെങ്കിലും അധിക ദിവസം അതുപോലെ അക്രമങ്ങള്‍ തുടരാതിരുന്നതില്‍ നിര്‍ഭയമായ മാധ്യമ ഇടപെടലുകള്‍ക്ക് വളരെ വലിയപങ്കുണ്ടായിരുന്നു.

ഇത്തരം സന്ദര്‍ഭങ്ങള്‍ ഇനി രാജ്യത്തു ആവര്‍ത്തിച്ചാല്‍ ആരും സത്യം വിളിച്ചുപറയാതിരിക്കാനുള്ള ‘മുന്‍കരുതലാണ് ‘ഈ നടപടി. ആര്‍എസ്എസിനെ വിമര്‍ശിച്ചതും പോലീസും സര്‍ക്കാരും നിഷ്‌ക്രിയമായിരുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തതുമൊക്കെയാണ് വിലക്കിനുള്ള ഉത്തരുവുകളില്‍ കാരണങ്ങളായി പറയുന്നത്. ആര്‍എസ്എസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഏകപക്ഷീയമായ വിവരണങ്ങള്‍ മാത്രം നല്കുന്നവരായി മാധ്യമങ്ങള്‍ മാറണം എന്നാണ് ഏതൊരു സേശ്ചാധിപതികളെയും പോലെ മോദിസര്‍ക്കാരും ആഗ്രഹിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും നിരോധനം നേരിടുമ്പോള്‍ ശക്തമായ പ്രതിഷേധമാണ് ഉയരേണ്ടത്. രാജ്യത്തിന്റെ ജനാധിപത്യം കാത്തുസൂക്ഷിക്കാന്‍, നിര്‍ഭയമായ മാധ്യമ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ നമുക്കാകെ ബാധ്യതയുണ്ട്. ജനാധിപത്യ വിരുദ്ധമായ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Share this story