ചവറ എം.എല്‍.എ എന്‍. വിജയന്‍പിള്ള അന്തരിച്ചു

ചവറ എം.എല്‍.എ എന്‍. വിജയന്‍പിള്ള അന്തരിച്ചു

ചവറ എംഎല്‍എ എന്‍. വിജയന്‍പിള്ള അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. അസുഖബാധിതനായി വിജയന്‍ പിള്ള ഏറെനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് മാസമായി ഗുരുതരമായ കരള്‍ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു വിജയന്‍ പിള്ള. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായാണ് മത്സരിച്ച് ജയിച്ചത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിനെയാണ് വിജയന്‍ പിള്ള തോല്‍പ്പിച്ചത്. ഭാര്യ: സുമാദേവി, മൂന്ന് മക്കള്‍.

ആര്‍എസ്പി ബേബി ജോണ്‍ വിഭാഗ നേതാവായിരുന്നു വിജയന്‍ പിള്ള. ബേബി ജോണ്‍ മരിച്ചപ്പോള്‍ കെ കരുണാകരന്‍ രൂപീകരിച്ച ഡിഐസിയില്‍ ചേര്‍ന്നു. ഡിഐസി കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ വിജയന്‍പിള്ള കോണ്‍ഗ്രസില്‍ തിരിച്ചെത്തി.

പിണറായി വിജയന്‍ നവകേരള മാര്‍ച്ച് നടത്തിയപ്പോള്‍ ചവറയിലും കുന്നത്തൂരിലും പിണറായിക്കൊപ്പം വേദി പങ്കിട്ടു. തുടര്‍ന്ന് എല്‍ഡിഎഫ് സഹയാത്രികനായി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിനൊപ്പം ചേര്‍ന്ന് ചവറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി.

ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ ആര്‍ എസ് പി ഇതര എം എല്‍ എ ആണ് എന്‍. വിജയന്‍ പിള്ള. ചവറ മടപ്പള്ളി വിജയമന്ദിരത്തില്‍ നാരായണപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായി 1951ലാണ് വിജയന്‍പിള്ള ജനിച്ചത്. ആര്‍എസ്പി നേതാവായിരുന്ന അച്ഛന്റെ പാത പിന്‍തുടര്‍ന്ന് രാഷ്ട്രീയത്തിലെത്തി.

Share this story