കുരങ്ങുപനി ; കളക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം

കുരങ്ങുപനി ; കളക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം

കുരങ്ങുപനി തടയുന്നതില്‍ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ഗൗരവത്തോടെ ഇടപെടുന്നില്ലെന്നാരോപ്പിച്ച് വയനാട് കളക്ടര്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറയില്‍ കുരങ്ങുപനി ബാധിച്ച് യുവതി മരിച്ചതിനെതുടര്‍ന്നാണ് കളക്ടറും ജനപ്രതിനിധികളും കോളനിയിലെത്തിയത്. അതേസമയം, കാട്ടികുളത്ത് കളക്ടറുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി .ഇന്നലെയാണ് തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ നാരങ്ങാക്കുന്ന് കോളനിയില്‍ കുരങ്ങുപനി

ബാധിച്ച് വീട്ടമ്മ മരിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോളനിയിലെത്തിയപ്പോഴാണ് കളക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നേരെ കോളനിനിവാസികള്‍ പ്രതിഷേധമുയര്‍ത്തിയത്. പ്രദേശത്ത് കുരങ്ങന്‍മാര്‍ ചത്ത് കിടക്കുന്നത് അറിയിച്ചിട്ടും വനം വകുപ്പും ആരോഗ്യ വകുപ്പും ഗൗരവത്തോടെ ഇടപെട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കിയില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

എന്നാല്‍ കുരങ്ങുപനിയുടെ കാര്യത്തില്‍ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം ഇടപെടുന്നതെന്നും പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും കളക്ടര്‍ ഡോ അദീല അബ്ദുളള പറഞ്ഞു. നിലവില്‍ ജില്ലയില്‍ 13 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒമ്പതും അപ്പപ്പാറയിലാണ്. കുത്തി വയ്പും ബോധവത്കരണ, പ്രതിരോധ നടപടികളും ഊര്‍ജിതമാക്കാന്‍ കാട്ടിക്കുളത്ത് കളക്ട്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നാളെ തന്നെ ജില്ലയിലേക്ക് കൂടുതല്‍ വാക്‌സിനുകള്‍ എത്തിക്കുവാനും അടിയന്തിര നിര്‍ദേശം നല്‍കിയിട്ടുണ്ട്..

Share this story