കൊവിഡ് 19 ആഗോള മഹാമാരി; പത്തനംതിട്ടയിലെ 12 പേരുടെ പരിശോധനാ ഫലം കൂടി ഇന്ന് ലഭിക്കും

കൊവിഡ് 19 ആഗോള മഹാമാരി; പത്തനംതിട്ടയിലെ 12 പേരുടെ പരിശോധനാ ഫലം കൂടി ഇന്ന് ലഭിക്കും

കൊറോണ വൈറസ് ലക്ഷണങ്ങളുമായി പത്തനംതിട്ടയിൽ ഐസോലേഷൻ വാർഡിൽ കഴിയുന്ന 12 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇന്നലെ 15 പേരെ കൂടി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ ഒരാൾക്ക് രോഗലക്ഷണമുണ്ട്

ആകെ 25 പേരാണ് ജില്ലയിൽ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 7 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 969 പേർ വീടുകളിലും നിരീക്ഷണത്തിൽ തുടരുകയാണ്. റാന്നിയിലും പന്തളത്തും രണ്ട് ആശുപത്രികൾ ഏറ്റെടുത്ത് ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാനുള്ള നടപടികൾ ആരംഭിച്ചു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണവിതരണത്തിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്

കൊവിഡ് 19 നെ ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം പടരുന്നത് കണക്കിലെടുത്താണ് പ്രഖ്യാപനം. നിലവിൽ നൂറിലധികം രാജ്യങ്ങളിലാണ് കൊറോണ പടർന്നിരിക്കുന്നത്.

സംസ്ഥാനത്ത് പുതുതായി ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. വിവിധ ജില്ലകളിലായി 3313 പേർ നിരീക്ഷണത്തിലാണ്.

Share this story