കൊവിഡ് 19: പ്രമേയം പാസാക്കി നിയമസഭ; വിവാദ സർക്കുലർ പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു, സഭയിൽ ഇല്ലാതെ പ്രതിപക്ഷം

കൊവിഡ് 19: പ്രമേയം പാസാക്കി നിയമസഭ; വിവാദ സർക്കുലർ പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു, സഭയിൽ ഇല്ലാതെ പ്രതിപക്ഷം

കൊവിഡ് 19 ഭീതിയിൽ പ്രവാസികൾക്കുള്ള ആശങ്ക പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ സർക്കാർ പ്രമേയം പാസാക്കി. പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു പ്രമേയം പാസാക്കിയത്. വിദേശത്ത് നിന്നുള്ളവർ നാട്ടിലെത്തുന്നത് തടഞ്ഞു കൊണ്ടുള്ള സർക്കുലർ സർക്കാർ പിൻവലിക്കണമെന്നും മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു കൊണ്ട് ആവശ്യപ്പെട്ടു

അതേസമയം പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു പ്രമേയം പാസാക്കിയത്. കടുത്ത ആശങ്കയുടെ സാഹചര്യത്തിലും മുഖ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തുമ്പോഴും പ്രതിപക്ഷം പ്രതിഷേധിക്കുന്നതിന്റെ തിരക്കിലായിരുന്നു.

കേന്ദ്രസർക്കാർ രോഗം പടരാതിരിക്കാനുള്ള സുരക്ഷ ഒരുക്കുകയും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയും വേണം. ഇതിനായി അടിയന്തരമായി ഇടപെടണം. ചൈനയിൽ നിന്നുള്ള വിദ്യാർഥികൾക്ക് നാട്ടിലേക്ക് വരാൻ സൗകര്യങ്ങൾ ഒരുക്കണമെന്ന് സർക്കാർ ശക്തമായി ആവശ്യപ്പെട്ടതാണ്. ഇതേ തുടർന്ന് അവരെ പരിശോധനക്കായി പ്രത്യേക സ്ഥലത്ത് പാർപ്പിക്കുകയും ചെയ്തിരുന്നു. പരിശോധനക്ക് ശേഷം രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ അവരുടെ താമസസ്ഥലത്തേക്ക് പോകാൻ അനുവദിക്കുകയാണുണ്ടായത്.

പരീക്ഷിച്ച് വിജയിച്ച നടപടിക്രമം നിലവിലിരിക്കെയാണ് ഇതിന് വിരുദ്ധമായ സർക്കുലർ പുറപ്പെടുവിച്ചത്. ഇറ്റലിയിൽ നിന്നും റിപ്പബ്ലിക്ക് ഓഫ് കൊറിയയിൽ നിന്നും യാത്ര പുറപ്പെടുന്നവർക്കും ആ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും കൊവിഡ്-19 ന്റ ലക്ഷണങ്ങൾ ഇല്ലായെന്ന വൈദ്യപരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഇന്ത്യയിൽ പ്രവേശനം ഉള്ളൂ എന്നാണ് നിഷ്‌കർഷിച്ചിട്ടുള്ളത്. അടിസ്ഥാനപരമായി ഇത് മനുഷ്യത്വവിരുദ്ധമാണ്.

ഇറ്റലിയിൽ നിന്നും വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇതുകാരണം വിമാനത്തിൽ കയറാൻ സാധിക്കുന്നില്ല. ഇറ്റലിയിൽ ഇവരെയെല്ലാം വൈദ്യപരിശോധനക്ക് വിധേയരാക്കാനുള്ള സംവിധാനങ്ങൾ ഇപ്പോളില്ലെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. പ്രവാസികളെ ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ കൂടുതൽ വിഷമത്തിലേക്ക് വിടുന്നത് നാം സ്വീകരിച്ചു വരുന്ന സമീപനത്തിന് കടകവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ നിയമസഭ വെട്ടിച്ചുരുക്കണമെന്ന നിർദേശം മുഖ്യമന്ത്രി മുന്നോട്ടു വെച്ചു. എന്നാൽ പ്രതിപക്ഷം ഇതിനെ എതിർക്കുകയായിരുന്നു. നാളെ നടക്കുന്ന കാര്യോപദേശ സമിതി യോഗത്തിൽ സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തിൽ തീരുമാനമാകും.

Share this story