കൊവിഡ് 19: ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 106 പേരെ; പരിശോധനക്ക് പോലീസും

കൊവിഡ് 19: ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 106 പേരെ; പരിശോധനക്ക് പോലീസും

കൊവിഡ് 19 നിയന്ത്രണത്തിന് സംസ്ഥാന സർക്കാർ നടത്തിയ മുൻകരുതൽ നടപടികൾ ഫലം കാണുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് പുതിയ പോസീറ്റീവ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 106 പേരെയാണ് ഇന്ന് നിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. സംസ്ഥാനത്താകെ 7607 പേർ നിരീക്ഷണത്തിലുണ്ടെന്നും ഇതിൽ 302 പേർ ആശുപത്രികളിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു

രോഗപ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾക്കും പരിശോധനകൾക്കുമായി പോലീസിനെ കൂടി ഉപയോഗപ്പെടുത്താനും തീരുമാനമെടുത്തു. ആരോഗ്യ പ്രവർത്തകർക്കൊപ്പം പോലീസും പരിശോധനകളിൽ പങ്കാളികളാകും. വിമാനത്താവളങ്ങളിൽ എസ് പിമാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തും. റയിൽവേ സ്‌റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ഡി വൈ എസ് പിമാരുടെ സംഘം പരിശോധിക്കും

അസുഖബാധിതരെ വിമാനത്താവളത്തിന് സമീപം തന്നെ പാർപ്പിക്കാനാണ് തീരുമാനം. ഉത്സവങ്ങളും പ്രാർഥന യോഗങ്ങളും നിയന്ത്രിക്കും. അന്തർ സംസ്ഥാന പാതകളിലും ചെക്ക് പോസ്റ്റുകളിലും റെയിൽവേ സ്‌റ്റേഷനുകളിലും പരിശോധന കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Share this story