സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 21 ആയി

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 21 ആയി

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാറിൽ താമസിച്ചിരുന്ന ബ്രിട്ടൻ സ്വദേശിക്കും വിദേശത്ത് നിന്ന് തിരിച്ചെത്തിയ ഡോക്ടർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21 ആയി. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് രോഗബാധ തടയാൻ അതിർത്തി ജില്ലകളിൽ ട്രെയിനുകളിൽ പരിശോധന നടത്താനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. റെയിൽവേ ഉന്നതരുടെ കൂടി അഭിപ്രായം പരിഗണിച്ച് ട്രെയിനുകളിൽ നിന്നിറങ്ങി പോകുന്ന യാത്രക്കാരെ അതാത് സ്‌റ്റേഷനുകളിൽ പരിശോധിക്കാനാണ് തീരുമാനം.

രോഗപ്രതിരോധത്തിന് ഭഗീരഥ പ്രവർത്തനാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മൂന്നാർ സംഭവം വിവാദമാക്കേണ്ട കാര്യമില്ല. ബ്രിട്ടൻ സ്വദേശിയുടെ ഫലം പോസിറ്റീവാണെന്ന് വ്യക്തമായത് ഇന്നലെ രാത്രിയാണ്. വിദേശത്ത് നിന്നു വന്നവർ പലരും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുന്നില്ല. നിർദേശം പാലിച്ചില്ലെങ്കിൽ വിദേശത്ത് നിന്ന് എത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെ കെ ശൈലജ പറഞ്ഞു

ചില പ്രദേശങ്ങളിൽ ബസുകൾ ഓടുന്നില്ലെന്ന് പരാതിയുണ്ട്. അത് പരിഹരിക്കണം. ബസുകളുടെ സർവീസ് സാധാരണ നിലയിലാണെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും ഉറപ്പു വരുത്തണം. ജനങ്ങൾക്ക് സാധാരണ ജീവിതം നിലനിർത്തി പോകാനാവശ്യമായ എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ദീർഘദൂര ട്രെയിനുകളിൽ വന്നിറങ്ങുന്ന യാത്രക്കാരെ എക്‌സിറ്റ് പോയിന്റായിട്ടുള്ള റെയിൽവേ സ്‌റ്റേഷനുകളിൽ പരിശോധന നടത്തുന്നതിന് സംവിധാനം ഒരുക്കും. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കൊപ്പം കൂടുതൽ മെഡിക്കൽ പാരാമെഡിക്കൽ വളണ്ടിയർമാരെ വിന്യസി്കകുമെന്നും മന്ത്രി അറിയിച്ചു.

Share this story